“ദേവൂ… ഏതാ ഇന്ത്യയുടെ ദേശീയ മരം?”
“ആല്.”
“ഏത് ആല്…? കടയാലോ വടയാലോ…?
സംശയിച്ച ദേവുവിനോട് അമ്മതന്നെ പറഞ്ഞുകൊടുത്തു.
“പേരാല്. അതായത് ബനിയന്‍ ട്രീ. വടയാല്‍ ഏതാ…?”
“നമ്മള് വഴീന്ന് കണ്ട നറച്ച് മുടി പോലെ വേര്… അല്ല… വേട്ള്ള അത്.”
“കടയാലോ…?”
“ആ തോടിന്റെ… യ്യോ…. എന്താ സ്ഥലം…?”
“വടക്കാഞ്ചേരി -” മോന്‍ ഓര്‍മ്മിപ്പിച്ചു.
“ങാ… വടക്കാഞ്ചേരി തോടിന്റെ അട്ത്ത് നിക്കണ; കടവില്ണ്ടാവണ ആല്. കടയാല്…”
ഒരു കൃഷ്ണനാലില്‍ തുടങ്ങിയ യാത്രയാണ്. അമ്മ കുട്ടികള്‍ക്ക് ഒരു ആല്‍പുരാണംതന്നെ പറഞ്ഞുകൊടുത്തു കഴിഞ്ഞിരിക്കുന്നു.
മുത്തു എന്ന രജനീകാന്ത് ചിത്രം ഷൂട്ട് ചെയ്ത കായാമ്പൂവവും, പഴയ; നസീര്‍ ചിത്രം ചിത്രീകരിച്ച, മയിലാടും കുന്നും കടന്ന്, വണ്ടി പഴയന്നൂരിലേയ്ക്ക്.
പുറകില്‍ ഇപ്പോഴും അറിവുകള്‍ കുത്തിയൊഴുകുന്നു.
“ദാ… ആ മരമാണ് കുമിഴ്. വെള്ള മരം. കൊത്തുപണിക്ക് നല്ല മരം. വാതിലൊക്കെ പണിതാ നല്ല വെളുവെളാന്നിരിക്കും. സോഫ്റ്റ് വുഡ്ഡാണെങ്കിലും വാതില് പണിയും. തേനീച്ചകള്‍ക്ക് കൂടുകൂട്ടാന്‍ ഇഷ്ടമുള്ള മരാണ്.”
“കോഴിയമ്പലം….” ദേവു, അന്നപൂര്‍ണ്ണേശ്വരീക്ഷേത്രത്തിലേയ്ക്ക് ചൂണ്ടി വിളിച്ചു പറഞ്ഞു. പ്രതിഭ, ദേവുവിനെ ഗര്‍ഭത്തിലുള്ള കാലത്ത്, പഴയന്നൂരമ്മ വന്ന് ഒരു വലിയ അപകടത്തില്‍നിന്നും രക്ഷപ്പെടുത്തിയത് ഓര്‍ത്ത്, കണ്ണടച്ച് പ്രാര്‍ത്ഥിച്ചു.
പ്രധാന വഴി കഴിഞ്ഞ് തറവാട്ടിലേയ്ക്കുള്ള യാത്രയാണ്.
“അവടെ പ്പൊ വവ്വാല്ണ്ടാവ്വോ…?” ദേവുവിന് ചെറിയ പേടിയുണ്ട്.
അമ്മ പറഞ്ഞു.
“അവടെ എല്ലാരൂണ്ട്…”
പിന്നെ വണ്ടിയില്‍ വല്ലാത്തൊരു നിശ്ശബ്ദതയായിരുന്നു. അതെ, തറവാട്ടില്‍ എല്ലാവരുമുണ്ട്. ശൈവ, വൈഷ്ണവ, ശാക്തേയ ദേവതകളും ഭൂത, പ്രേത, പിശാച, ഗന്ധര്‍വ്വ, കിന്നര, യക്ഷരും നാഗത്താന്‍മാരും ചാത്തന്മാരും യോഗീശ്വരന്മാരും പിതൃക്കളും…… അങ്ങനെ വന്നുപോയ എല്ലാവരും സ്വന്തം അടയാളം വെച്ചുപോയ ഭൂമിയാണ്. ആരും ഒരുകാലത്തും മരിച്ചോ മരിക്കാതെയോ അവസാനിക്കുന്നില്ലെന്ന് ഞങ്ങളെയെല്ലാം പഠിപ്പിച്ച തറവാട്ടിലേയ്ക്ക് വണ്ടി തിരിഞ്ഞു. അമ്മ പറഞ്ഞ വാചകം ഒന്നുകൂടി ഓര്‍ത്തു. ‘ഇവിടെ എല്ലാവരുമുണ്ട്.’