“അപ്പൊ ഇന്ന് നമ്മള്‍ ‘അയ്യത്തട’ എന്ന പലഹാരമാണുണ്ടാക്കാന്‍ പോകുന്നത്.” അയാള്‍ മക്കളോടു പറഞ്ഞു.
“യ്യോ…! അപ്പൊ എന്നെ തല്ല്വോ…!?” അമ്മ ചിരിച്ചുകൊണ്ട് അടുക്കളയില്‍നിന്നും സ്റ്റോര്‍റൂമിലേക്ക് നടന്നു. ഒപ്പം കുറച്ചുറക്കെയായി ആത്മഗതവും.
“അയ്യത്തട’യ്ക്ക് തേങ്ങ ഉണ്ടോന്ന് നോക്കട്ടെ ആദ്യം”
അപ്പുവിനും ദേവുവിനും മൊത്തത്തില്‍ എന്തോ പിടികിട്ടാത്തപോലെ. ‘അയ്യത്തട’ എന്ന പലഹാരത്തെപ്പറ്റി ഇതുവരെ കേട്ടിട്ടില്ലല്ലോ എന്ന ചിന്തയേയും തകര്‍ത്തുകൊണ്ടാണ് അമ്മയുടെ ചോദ്യം വന്നുവീണത്.
‘യ്യോ…! അപ്പൊ എന്നെ തല്ല്വോ..!?’ അച്ഛന്‍ എന്തായാലും അമ്മയെ തല്ലില്ല എന്ന് അപ്പുവിനും ദേവുവിനും ഉറപ്പാണ്.
അച്ഛന്‍ ഇതുവരെ ഞങ്ങളെത്തന്നെ തല്ലിയിട്ടില്ല. തല്ലുകിട്ടാനുള്ള പലതും ഈ ചെറുപ്രായത്തിലേ കണ്ടമാനം ഒപ്പിച്ചിട്ടുണ്ടെങ്കിലും ഒന്നുകില്‍ അച്ഛനത് കണ്ടില്ലെന്ന് നടിക്കും. അല്ലെങ്കില്‍, ‘ഞാന്‍ കണ്ടു’ എന്ന് ബോദ്ധ്യപ്പെടുത്തി, പതുക്കെ അവിടന്ന് പോകും. അല്ലെങ്കില്‍ ചിരിച്ചുകൊണ്ട്, ‘ഇതിങ്ങനെ സംഭവിച്ചാല്‍ പിന്നെ ചെയ്യേണ്ടത് ഇതാണ്’ എന്നുപറഞ്ഞ്, ആ അബദ്ധത്തിനെ മറികടക്കാനുള്ള വഴി പറഞ്ഞുതരും. ഇങ്ങനെയൊക്കെയാണ് അച്ഛന്റെ ഒരു വഴി. ആ അച്ഛനോടാണ് ‘എന്നെ തല്ലുമോ?’ എന്ന് അമ്മ ചോദിച്ചത്.
അമ്മ, തേങ്ങയുണ്ടെന്നുറപ്പിച്ച് ഇരുകയ്യിലും ഒരോ തേങ്ങയുമായി തിരിച്ചുവന്നു.
“ആട്ടേ… ഓരോരുത്തരും എത്ര അയ്യത്തട തിന്നും?” അമ്മ ചോദിച്ചു. ‘അയ്യത്തട’ എന്താണെന്നറിയാതെ അതിനുത്തരം പറയാന്‍ പറ്റില്ല. ജീരകമിട്ടായിപോലെ വല്ലതുമാണ് ഈ ‘അയ്യത്തട’ യെങ്കില്‍ എട്ടുപത്തെണ്ണമെന്ന ഒരു കണക്കില്‍ വലിയ അപകടം ഒളിഞ്ഞിരിപ്പുണ്ട്. ഇനി, ‘അയ്യത്തട’ വല്ല പേപ്പര്‍ റോസ്റ്റ് പോലെയാണെങ്കില്‍; അപ്പോഴും ഈ എട്ടുപത്തെണ്ണം എന്നുപറയുന്നത് അപകടമാണ്.
അച്ഛന് അമ്മയേപ്പോലെത്തന്നെ യാതോരു ആശങ്കയുമില്ല. അച്ഛന്‍ മറുപടി പറഞ്ഞു. “ഒരു മൂന്നാലെണ്ണമൊക്കെ തിന്നാം…”