പണ്ടത്തെ ഗുരുവായൂരമ്പലം. ഇന്നത്തേപ്പോലെ ചായക്കടകളോ ഭക്ഷണശാലകളോ മറ്റ് പീടികകളോ ഒന്നുമില്ലാത്ത കാലം.
ഗുരുവായൂരമ്പലവുമായി ബന്ധപ്പെട്ടു ജീവിക്കുന്ന കുറേ കുടുംബങ്ങളുണ്ട്. പൂജചെയ്യുന്ന നമ്പൂതിരി, പൂക്കളൊരുക്കുന്നവര്‍, മാലകെട്ടുന്നവര്‍, ശീവേലിക്ക് കൊട്ടുന്നവര്‍, നേദ്യമൊരുക്കുന്നവര്‍ തുടങ്ങി അമ്പലത്തിലെ ചിട്ടകള്‍ക്കുവേണ്ടി ഓടിനടന്ന് പണിയെടുക്കുന്നവര്‍.
പൊതുവേ അന്നത്തെ കാലത്ത് എല്ലാവര്‍ക്കും നല്ല കഷ്ടപ്പാടുള്ള സമയം. കഷ്ടപ്പാട് എന്നുവെച്ചാല്‍ ദാരിദ്ര്യം. മൂന്നുനേരം പോയിട്ട് ഒരുനേരമെങ്കിലും എന്തെങ്കിലും കഴിക്കാന്‍ കിട്ടിയാല്‍ അതുതന്നെ കുശാല്‍ എന്ന മട്ടിലാണ് എല്ലാവരും.
അന്നൊക്കെ ഗുരുവായൂര്‍ പ്രദേശത്തുള്ള കുട്ടികളൊക്കെ ഇടയ്ക്കിടയ്ക്ക് ഗുരുവായൂരമ്പലത്തിനുള്ളിലെത്തും. കുറേനേരം അമ്പലത്തിനു പുറത്ത് ഓടിക്കളിക്കും. ഇടയ്ക്ക് കുളത്തിലിറങ്ങി നീന്തും. കളിക്കിടയില്‍ ഇടയ്ക്കിടയ്ക്ക് അമ്പലത്തിനുള്ളിലുമെത്തും. കാണുന്നവര്‍ക്ക്, ‘കുട്ടികള്‍ ഇടയ്ക്ക് വരുന്നു; കണ്ണനെ തൊഴുന്നു’ എന്നേ മനസ്സിലാവൂ. എന്നാല്‍ ഭഗവാന് നേദിച്ചശേഷം, നേദ്യം ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്യുന്ന സമയം കൃത്യമായി മനസ്സിലാക്കിയാണ് ഈ കുട്ടികള്‍ അമ്പലത്തിലെത്തുന്നത്. ഇടയ്ക്ക് അട, ഇടയ്ക്ക് കുഴച്ച അവില്‍, ഇടയ്ക്ക് പാലട, ഇടയ്ക്ക് പാല്‍പ്പായസം. വയറുനിറച്ചൊന്നും കിട്ടില്ലെങ്കിലും… കുറച്ചെങ്കില്‍ കുറച്ച്… അതുകിട്ടിയാല്‍ അത്രയുമായിയല്ലോ..! കാരണം, വയറില്‍ കത്തുന്ന വിശപ്പാണ്. എത്രയെന്നുവെച്ചാണ് ഈ പച്ചവെള്ളം കുടിക്കുക. വിശപ്പ് കത്തിക്കത്തിവരുമ്പൊ കുറേ വെള്ളം കുടിച്ചാല്‍ ചിലപ്പൊ ഒരാശ്വാസമാണ്. ചിലപ്പോള്‍, അപ്പൊ തുടങ്ങും ഒരു കൊളുത്തിപ്പിടിച്ച വയറുവേദന. അതുകൊണ്ടാണ് ഇടക്കിടക്ക് ഓടി അമ്പലത്തിനുള്ളിലെത്തുന്നത്. പ്രസാദം കുറച്ചെങ്കിലും വയറിലെത്തിയാല്‍ കണ്ണൊന്ന് മിഴിയും. അത്രയുമാശ്വാസം! ചില ദിവസങ്ങളില്‍ വഴിപാടാക്കിയവര്‍തന്നെ മുഴുവന്‍ അടയും അവിലുമൊക്കെ വാങ്ങിക്കൊണ്ടുപോകും. അന്നാണ് ശരിക്കും കഷ്ടപ്പെടുക. ഇന്ന് കഴിക്കാന്‍ ഒന്നുമില്ലെന്നുറപ്പിച്ച ദിവസം വിശപ്പിനെ നേരിടാന്‍ മനസ്സിനറിയാം. എന്നാല്‍, ഇന്നെന്തെങ്കിലും കിട്ടും എന്ന് പ്രതീക്ഷിച്ച്, വെയിലത്തുള്ള ഓടിക്കളിക്കിടെ അമ്പലത്തില്‍ കിതച്ചെത്തി നില്‍ക്കുമ്പോള്‍; ‘ഇന്നില്ല’ എന്നറിയുമ്പോഴുള്ള ഒരു വിഷമമുണ്ടല്ലോ… കരച്ചില്‍ വരും.
ഗുരുവായൂരപ്പന്റെ, കുസൃതിയും വാത്സല്യവും നിറഞ്ഞ കഥകളുടെ സമാഹാരം ഉടൻ പ്രസിദ്ധീകരിക്കും.