മടിയില്ലാപ്പുരയുടെ കോലായയില്‍ തൂണ് ചാരി തിണ്ണയിലിരുന്ന് മത്സരിച്ച് കോട്ടുവാ ഇടുന്നതിനിടെ ഉണ്ടി ചോദിച്ചു.
“ഉണ്ടാ…., ഉണ്ടനീ പേരെങ്ങന്യാ കിട്ടീത്…!?!”
ഉറക്കം വന്ന് പാതിയടഞ്ഞ തടിച്ച കണ്‍പോളകള്‍ പതുക്കെ തുറന്നു മിഴിച്ച്, ചെറിയ നീരസം കുഴച്ച ശബ്ദത്തില്‍ ഉണ്ടന്‍ തിരിച്ചൊരു ചോദ്യം.
“‘ഉണ്ടീ’.. ന്ന് ള്ള പേര് നിനക്ക് കിട്ടിയതെങ്ങന്യാ…!?”
ഉണ്ടി വീണ്ടും ചോദ്യം ചോദിക്കാന്‍ നിന്നില്ല. ഉത്തരംതന്നെ പറഞ്ഞു.
“ആലോചിച്ചുനോക്കിയാല്‍ എന്തെങ്കിലും കാരണമൊക്കെ കണ്ടെത്താന്‍ പറ്റുമായിരിക്കും. കഷ്ടപ്പെട്ട് ആലോചിക്കാന്‍ വയ്യാത്തോണ്ടല്ലേ ഉണ്ടനോട് ചോദിച്ചത്.”
ഉണ്ടനും വിട്ടുകൊടുത്തില്ല.
“അങ്ങനെപ്പൊ ഞാന്‍ കഷ്ടപ്പെട്ടിട്ട് നീയ് നിന്റെ പേര് കണ്ട്പിടിച്ചതന്നെ!”
ഉണ്ടന്‍, നീണ്ടൊരു കോട്ടുവായകൂടി ഇട്ട്, ഒന്നിളകിയിരുന്നു. ഉണ്ടന്റേം ഉണ്ടിടേം ഈ മടിപിടിച്ച ഇരിപ്പുകണ്ട് മടിയില്ലാപ്പുരയ്ക്ക് വരെ കോട്ടുവാ വന്നപോലെ കോലായില്‍ ഒരു ഇളംകാറ്റ് കടന്നുവന്നു.
അടഞ്ഞ കണ്ണ് കഷ്ടപ്പെട്ട് തുറക്കാന്‍ നില്‍ക്കാതെ ഉണ്ടന്‍ മൂക്ക് വിടര്‍ത്തി. ഒരു പൂച്ചക്കുഞ്ഞിന്റെ മൂക്ക് മിടിച്ചുതുറക്കുന്നപോലെ ഉണ്ടന്റെ മൂക്ക് കാറ്റില്‍ കടന്നുവന്ന മണം തേടിയോടി. മണംപിടിക്കാന്‍ ഓടിയോടിക്കിതയ്ക്കുന്നതിനിടയില്‍ ദീര്‍ഘനിശ്വാസം വിട്ട്, ഉണ്ടന്‍ ഉണ്ടിയോട് ചോദിച്ചു.
“ഉണ്ടീ…, എന്താ ഒരു മണം…!?”
ഉണ്ടിയുടെ മൂക്കും കാറ്റിന്റെകൂടെ സവാരിക്കിറങ്ങിയിരുന്നു.
“ഉണ്ടാ…, എനിക്കും കിട്ടി. നെയ്യപ്പത്തിന്റെ മണമാണോന്ന് സംശയണ്ട്!”
“നീയൊറങ്ങല്ലെങ്കില് എവിട്ന്നാ ആ മണം വരണത്‌ന്നൊന്ന് നോക്കീട്ട് വര്വോ…?” ഉണ്ടന്‍ അല്‍പം വിനയത്തില്‍ ചോദിച്ചു.
“മണം എന്നത് നോക്കിയാ കിട്ടണതല്ലല്ലോ! അതോണ്ട് ഞാനിവടെങ്ങനെ ഇര്ന്ന് മണക്കാനാ തീരുമാനം.” ഉണ്ടി പറഞ്ഞു.