‘ഒടിയന്‍’
ഇടിവെട്ടുന്ന പോലൊരു ശബ്ദം കേട്ടാണ് രാമകൃഷ്ണന്‍ ഞെട്ടി ഉണര്‍ന്നത്.
തുലാമാസത്തിന്റെ രൗദ്രം പാതിരാവും കടന്ന് പോകുന്നു. ഇടിവെട്ടിയ ശബ്ദം കേട്ടായിരിക്കുമോ ഉണര്‍ന്നത് എന്നോര്‍ത്ത്, രാമകൃഷ്ണന്‍ കണ്ണുമിഴിച്ചു കിടന്നു. തൊഴുത്തില്‍ ചെമ്പിയും കുഞ്ഞും ഒന്നു കരഞ്ഞു. പതിവുപോലെ പശുക്കുട്ടി പുല്ലൊട്ടി വഴി പുറത്തു ചാടിക്കാണും. ടോര്‍ച്ചെടുത്ത് തൊഴുത്തിലേക്ക് ചെന്നപ്പോള്‍, വിചാരിച്ചതുപോലെ പശുക്കുട്ടി തൊഴുത്തിന് പുറത്തൊന്നുമല്ല. എന്തിനെയോ കണ്ടിട്ടെന്നപോലെ പേടിച്ചുവിറയ്ക്കുന്ന പശുക്കുട്ടിയും അതിനെ നക്കിത്തോര്‍ത്തി ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന ചെമ്പിയും. ഇനി വല്ല പാമ്പും കയറിയോ തൊഴുത്തില്‍….? വിശദമായ തിരച്ചിലില്‍ പക്ഷേ ഒന്നും കണ്ടില്ല. രണ്ട് കന്ന് വൈക്കോല്‍ പുല്ലൊട്ടിയിലേക്ക് അഴിച്ചിട്ടുകൊടുത്ത്, ചെമ്പിയുടെ നെറ്റിയിലൊന്നു തലോടിത്തണുപ്പിച്ച് രാമകൃഷ്ണന്‍ തിരികെ വീട്ടിലേക്കുതന്നെ പോന്നു.
അച്ഛന്‍ മരിച്ച അന്ന് തുടങ്ങിയ തലവേദനയാണ്. പത്തുനാല്‍പ്പത് ദിവസമായിട്ടും; എന്തൊക്കെ മരുന്ന് ചെയ്തിട്ടും ഒരു മാറ്റവുമില്ല.
തൊഴുത്തില്‍നിന്നും തിരിച്ചുവന്ന്, വാതിലടച്ച് അകത്തേക്കു തിരിഞ്ഞതും പൂജാമുറിയ്ക്ക് മുന്നില്‍ ആരോ ഒന്ന് മാറി മറഞ്ഞപോലെ.
“ആരാ….?” രാമകൃഷ്ണന്റെ ശബ്ദത്തില്‍ ഭയമുണ്ടായിരുന്നു.
‘പത്തുപൈസ നീക്കിയിരിപ്പില്ലാത്ത എന്റെ വീട്ടില്‍ കക്കാന്‍ കയറിയവനേ…, തെറ്റിദ്ധരിച്ച് തലയ്ക്കടിച്ച് എന്നെ കൊല്ലരുത് ‘ എന്ന ചിന്തയോടെ രാമകൃഷ്ണന്‍ വീടുമുഴുവന്‍ തിരഞ്ഞു. കട്ടിലിനടിയിലും മേശച്ചുവട്ടിലുംവരെ നോക്കി. ആരുമില്ല.
ആരുമില്ല എന്നുറപ്പായപ്പോഴാണ് രാമകൃഷ്ണന് ശരിയായ ഭയം ഉണ്ടായത്. രോമങ്ങളെല്ലാം എണീറ്റുനില്‍ക്കുന്നു. ശരീരം പൊട്ടിത്തരിച്ചിരിക്കുന്നു. ആരുമില്ലെങ്കില്‍ പിന്നെ ഞാന്‍ കണ്ടതാരെയായിരിക്കും….!?
കണ്ടത് തന്റെ വെറും തോന്നലാണെന്നും; മരണം നടന്ന വീട്ടില്‍ കുറച്ചു ദിവസങ്ങള്‍ക്ക് ഇത്തരം തോന്നലുകള്‍ പലരും പറഞ്ഞു കേട്ടിട്ടുണ്ട് എന്നുമോര്‍ത്ത്, രാമകൃഷ്ണന്‍ തലവേദനയെ മറന്ന് ഉറങ്ങാന്‍ ശ്രമിച്ചു.
കഴിഞ്ഞ 41 ദിവസങ്ങളില്‍ അമ്മായിമാരും സഹോദരങ്ങളും വന്നു കാട്ടിക്കൂട്ടിയ കാര്യങ്ങള്‍, മറക്കാന്‍ ശ്രമിച്ചിട്ടും തയ്യാറാകാതെ, മനസ്സിലേക്ക് തള്ളിത്തേട്ടി വരുന്നു.