അക്ഷരങ്ങളിലൂടെ മാത്രം എന്നെ കാണുക
Jayaraj Mithra
വിഭാഗങ്ങൾ
യാത്രയില്‍ എല്ലാവരുമുണ്ട്
December 31, 2020 2232 2 Comments

ഈ കല്ലുകൊത്തല്‍ സംഭവത്തിലൂടെ അമ്മ….. അമ്മയുടെ കുട്ടിക്കാലത്തേയ്ക്ക് യാത്ര തിരിച്ചിരിക്കണം. തൃശ്ശൂരില്‍നിന്നും പഴയന്നൂര്‍ വരെയുള്ള യാത്ര ഒരൊറ്റ പാതയില്‍ക്കൂടിയാണെങ്കിലും, ഓരോരുത്തരും ഈ സമയത്തിനുള്ളില്‍, എവിടെയൊക്കെയോ ഉള്‍വഴികളിലൂടെ പോയി, തിരിച്ച് ഈ കൊച്ചുവണ്ടിയില്‍ത്തന്നെ കയറിയിരുന്നു. ഒരു കുമ്പിളിലയിലൂടെ ദേവു വൃന്ദാവനംവരെ പോയിക്കാണും. ‘ഇരുകളിത്തോഴരായ് ഒരു മേശയ്ക്കിരുപാടും നിറമധുപാത്രവുമായ് നാമിരുന്നു’ എന്ന; കാറില്‍ കേട്ട പാട്ടിലൂടെ, പ്രതിഭ, ഞങ്ങളുടെ പ്രണയകാലത്തെ ഗോവയിലെത്തിക്കാണും. അകമലയിലെ കുരങ്ങന്മാരെ കണ്ടതും; മോനു, പരിണാമസിദ്ധാന്തം പഠിപ്പിക്കുന്ന രഞ്ജിത് സാറടെ ക്ലാസ്സിലെത്തിക്കാണും. ‘ഡാ… നസ്രാണീ…., ബൈബിള് നൊണ്യാട്ടോ….’ എന്ന് പറഞ്ഞാലും ആസ്വദിക്കുന്ന ഏതോ ക്രിസ്ത്യന്‍കൂട്ടുകാരനെ ക്ലാസ്സിലിരുന്ന് ചൊറിഞ്ഞുകാണും. 

ഓരോ ഊടുവഴിയാത്രകള്‍ക്കും ശേഷം എല്ലാവരും ഓടിക്കിതച്ച്, വിയര്‍ത്തുകുളിച്ച് തിരികെ ഈ വണ്ടിയിലെത്തുന്നു. വീണ്ടും ഒരുമിച്ചുള്ള യാത്രയ്ക്കായി.

ചേലക്കരയെത്തുംമുന്‍പ് അമ്മ ആത്മഗതം പോലെ പറയുന്നതു കേട്ടു. പാതി പ്രതിഭയോടായും പാതി തന്നോടുതന്നെയുമാണ് പറയുന്നത്. “ഈ ഭാഗത്ത് പാതടെ രണ്ട് വശത്തും നിറയെ കാഞ്ഞിരമുണ്ട്. ഒരുപാട് വര്‍ഷം പ്രായമുള്ള മരങ്ങളാണ്. കാഞ്ഞിരം വെഷമാണെന്നും വീട്ടില്‍ വളര്‍ത്തരുതെന്നും പറഞ്ഞ്, എല്ലാ മുറിവൈദ്യന്മാരും വാസ്തു പണ്ഡിതന്മാരായി, കാഞ്ഞിരമരങ്ങളൊക്കെ മുറിച്ചു തള്ളാന്‍ തുടങ്ങിയ കാലത്ത്, ഏതോ ഒരു ജ്ഞാനിയായ വൈദ്യന്‍ വെച്ചു പിടിപ്പിച്ചതാവണം.”

നിര്‍മ്മലാനന്ദസ്വാമി ഒരിക്കല്‍ പറഞ്ഞത് ഞാന്‍ ഓര്‍ത്തു. “ഏതു ഭൂമിയിലും പത്തുശതമാനം സ്ഥലത്ത് വിഷവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കണം. ഒരേ ഭൂമിയില്‍ നില്‍ക്കുന്ന ഞാലിപ്പൂവന് മധുരവും ഇരുമ്പാംപുളിയ്ക്ക് പുളിയും കാഞ്ഞിരത്തിന് കയ്പും വിഷവും വരുന്നതെങ്ങനെയാണ്? ഒരേ മണ്ണ്, ഒരേ വളം, ഒരേ വായു. അതായത്, ഓരോ ചെടിയും ഓരോന്നാണ്; മണ്ണില്‍നിന്നും വായുവില്‍നിന്നും വെള്ളത്തില്‍നിന്നും സ്വീകരിക്കുന്നത്. കുറുന്തോട്ടി, വാതരോഗത്തെയടക്കം പലതിനേയും ശമിപ്പിക്കാനാവശ്യമായ ഔഷധസ്വഭാവമുള്ള മൂലകങ്ങള്‍ സ്വീകരിച്ച് ശേഖരിച്ചു വെയ്ക്കുമ്പോള്‍, കാഞ്ഞിരം വിഷമാണ് ശേഖരിച്ച് വെക്കുന്നത്. അബദ്ധത്തില്‍പോലും ഒരാള്‍ ഇലയോ കായയോ തിന്നാതിരിക്കാന്‍ പ്രത്യേക കരുതലായി, പ്രകൃതി അതില്‍ അതികഠിനമായ കയ്പും നല്‍കിയിരിക്കുന്നു. കാഞ്ഞിരത്തിന്റെ വേരുകള്‍ നിങ്ങളുടെ കിണറ്റിലെത്തിയാല്‍ കിണറ്റിലെ കുടിവെള്ളത്തില്‍ വിഷം കലരും എന്നായിരിക്കും നിങ്ങളുടെ പരിചയക്കാരായ ശാസ്ത്രജ്ഞന്മാരും കിണര്‍ പണ്ഡിതന്മാരും വാസ്തു വിദഗ്ദ്ധരുമെല്ലാം നിങ്ങളോടു പറഞ്ഞിരിക്കുന്നത്! മണ്ണിലും അന്തരീക്ഷത്തിലുമുണ്ടായിരുന്ന വിഷം നിങ്ങള്‍ തിന്നുന്ന മാങ്ങയിലും ചക്കയിലും പേരയിലും വാഴപ്പഴത്തിലുമൊന്നും വന്നുചേരാതിരിക്കാന്‍, ആ വിഷം മുഴുന്‍ വലിച്ചെടുത്ത് നിങ്ങളെ രക്ഷിക്കുകയായിരുന്നു കാഞ്ഞിരവും വയ്യങ്കതയും ഓമവൃക്ഷവും ചേരുമെല്ലാം ചെയ്തിരുന്നത് എന്ന്, ഒരാളും നിങ്ങളോട് പറഞ്ഞു കാണില്ല. കാഞ്ഞിരത്തിന്റെ വേര് നിങ്ങളുടെ കാണറിലെത്തിയെങ്കില്‍ ഉറപ്പിച്ചോളൂ നിങ്ങള്‍ രക്ഷപ്പെട്ടു എന്ന്. കുടിവെള്ളത്തിലൂടെ വന്ന് നിങ്ങളെ അപകടപ്പെടുത്താന്‍ കിണറിലെ വെള്ളത്തിലെത്തിയ വിഷത്തെ വലിച്ചെടുത്ത് വെള്ളം ശുദ്ധമാക്കാനാണ് കാഞ്ഞിരവേര് കിണറിലെത്തുന്നത്.” 

Leave a Comment

2 comments on “യാത്രയില്‍ എല്ലാവരുമുണ്ട്”
  • Suja Jan 24, 2021 · 10:38 PM
    Its a visual treat, ❤️❤️.
    • ജയരാജ് മിത്ര Feb 17, 2021 · 10:37 PM
      സന്തോഷം.എല്ലാ യാത്രകളും ഓർമ്മയിൽ കിടപ്പാണ്.
Share This Post
Post Author
Post Author
ജയരാജ് മിത്ര മലയാളം എഴുത്തുകാരനാണ്. സാഹിത്യരംഗവും സിനിമാരംഗവും പ്രധാന പ്രവർത്തനമേഖലകൾ. തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത് കൊങ്കൺ റെയിൽവേയിൽ ലോക്കോ പൈലറ്റ് ആയിട്ടാണ്. ഇത്, പല സ്ഥലത്തും യാത്ര ചെയ്യാനും പലതരം അനുഭവങ്ങൾ സ്വായത്തമാക്കാനുംമാത്രം ഉപയോഗിച്ച്, ഈ ജോലി ഉപേക്ഷിച്ച്, ആകാശവാണിയിലും എഫ് എം റേഡിയോയിലും ടെലിവിഷൻ ചാനലിലുമെല്ലാം ജോലി ചെയ്തശേഷം; മുഴുവൻ-സമയ സാഹിത്യ-സിനിമാ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്.