“ഇല്ല്യാ… ശരിക്കും നടന്നതാ.?” ആണ്‍കാക്ക ചോദിച്ചു.
“പിന്നല്ലാതെ. ങാ…! എന്നാ അത് കേക്ക്ന്‍! അത് കേട്ട്ട്ടാവുമ്പൊ… നിങ്ങക്ക് ഞാന്‍ പറയണ പണി ചെയ്യാന്‍ ഒര് ഹരമൊക്കെ ഉണ്ടാവും.”
ഇതു പറഞ്ഞ്, കുറുക്കന്‍, കൊറ്റിയുടെയും ഞണ്ടിന്റേയും കഥ പറയാന്‍ ഒരുങ്ങി.
കുറുക്കന്‍ ചോദിച്ചു.
“നിങ്ങക്ക് പോയിട്ടത്യാവശ്യമൊന്നുമില്ലല്ലോ ല്ലേ… കഥ പറഞ്ഞൂടേ…?”
കാക്കപ്പെണ്ണ് രോഷമടക്കി പറഞ്ഞു.
“എന്ത് അത്യാവശ്യം! ഏറ്റവും അത്യാവശ്യം അവനെ തീര്‍ക്കലാ. അതിനാ ഇങ്ങ്ട് വന്നത്.”
കുറുക്കന് ഈ അമ്മദെണ്ണം ശരിക്കും ഉള്ളില്‍ തട്ടി. കുറുക്കന്‍ പറഞ്ഞു.
“എന്നാ ഒരു സംശയൂം വേണ്ട. ഈ കഥ നിങ്ങള് കേക്കണം. കഥയല്ല. നടന്ന സംഭവാ.”
കുറുക്കന്‍, മാളത്തില്‍ നിന്നെന്തോ ശബ്ദം കേട്ട പോലെ, സ്വന്തം മാളത്തിനുനേരെ ഒന്നെത്തിനോക്കി. മാളം സുരക്ഷിതമെന്നുറപ്പിച്ച്, ഒന്ന് കോട്ടുവായ ഇട്ടു.
“ഇന്നലെ രാത്രി പൊളവന്‍പാടത്ത് കുടുംബസമേതം ഞണ്ട് പിടിക്കാന്‍ പോയി പുലര്‍ച്ചയ്ക്കാ വന്നത്. തിരിച്ച് വരണ വഴിക്ക് കൊറേ ഈറന്‍പനടെ കായേം കിട്ടി. കണ്ടമാനം തിന്ന് കേറ്റ്യോണ്ട് ഒറക്കം വര്ണ് ണ്ട്…. അല്ലാ… നിങ്ങള് വല്ലൂം കഴിച്ചിര്‌ന്നോ…?”
“ഇല്ല” കാക്ക പറഞ്ഞു.
“അകത്ത് ഞെണ്ടിരിക്ക്ണ് ണ്ട്. എട്ക്കട്ടെ?”
“വേണ്ട… ഇപ്പൊ ഒന്നും കഴിക്കാന്‍ തോന്ന്ണ്ല്ല്യ കുറുക്കാ…. ‘പുഴക്കരയില് പാടമുള്ള കൃഷിക്കാരനും പാമ്പുള്ള വീട്ടിലെ ആള്‍ക്കാര്‍ക്കും ഉറങ്ങാന്‍ പറ്റില്ല’ എന്ന് പറയില്ലേ…. അതാ ഞങ്ങടേം അവസ്ഥ. ഉറക്കം ഇല്ല. വെശപ്പും ചത്തു.”
“എന്നാ പിന്നെ, ആ ഞണ്ട്, ദുഷ്ടനായ കൊറ്റിയെ വകവരുത്തിയതെങ്ങന്യാന്ന് പറയാം. അപ്പൊ നിങ്ങക്കും, ഞാന്‍ പറഞ്ഞ്തരണത് കൂടാതെത്തന്നെ ചെല ഉപായങ്ങളൊക്കെ, തന്നെയും തോന്നും.”
കുറുക്കന്‍ ഒന്നുകൂടി നിവര്‍ന്നിരുന്ന് കൊറ്റിയുടേയും ഞണ്ടിന്റേയും കഥയിലേയ്ക്ക് കടന്നു.
പഞ്ചതന്ത്രത്തിലെ ഈ കഥകൾ പുസ്തകമായൊരുങ്ങുന്നു.