ഇരുവരും കെഴക്കേപാടത്തെ വറ്റാത്ത കൊളത്തിന്റെ തെക്കേചെരിവിലുള്ള പൊട്ടക്കുഴിയില്‍ നിക്കണ അണ്ണക്കരമരത്തിന്റെ ചുവട്ടിലെ പൊത്തിന് മുന്നിലെത്തി.
പൊത്ത് കാണുമ്പോഴേക്കും പെണ്‍കാക്കയുടെ പെരുവിരലില്‍നിന്നും ഉച്ചിവരെ തരിച്ചുകയറി. ഉച്ചിയില്‍നിന്നും വാലിന്‍തുമ്പുവരെ തരിപ്പ് പടര്‍ന്നു.
ആണ്‍കാക്ക മാളത്തിന് പുറത്തുനിന്നും വിളിച്ചു.
“കുര്‍…., കുര്‍….., കുറുക്കാ…., കുറുക്കോ…., ഒറങ്ങ്വാണോ….?”
അകത്തുനിന്നും ആലസ്യത്തിലുള്ള വിളി കേള്‍ക്കല്‍.
“ആരാ… ഈ അസമയത്ത്…!?”
“അസമയോ…!? ഉച്ചയല്ലേ…!”
“ആരായാലും പോയി സന്ധ്യകഴിഞ്ഞു വരൂ…. ഞാന്‍ ഉറക്കത്തിലാ…”
“ഞാനാഡോ… പേരാലിലെ കാക്ക. ന്റെ കൂടെ ന്റെ ഭാര്യേം ണ്ട്. ഒരത്യാവശ്യകാര്യം പറയാനാ. ഒര് അപകടത്തിലാ ഞങ്ങള്…”
കുറുക്കന്‍ കണ്ണുതിരുമ്മി ഇറങ്ങിവന്നു.
“നീയോ….! ബാ… അങ്ക്ട് നീങ്ങിനിന്ന് സംസാരിക്കാ. ഭാര്യേം കുട്ട്യോളും ഒറങ്ങ്ണ് ണ്ട്. ചെക്കന്മാര് പ്പൊ ഒണര്‍ന്നാ… ‘ഞണ്ട് വേണം, ഞവ്ഞ്ഞ് വേണം’ ന്ന് പറഞ്ഞ്, എനയാന്‍ തൊടങ്ങും…. ബാ….”
പൊട്ടക്കുളത്തിലെ ഉരുളന്‍പാറയുടെ മുകളില്‍ ഇരുന്ന് മൂവരും സംസാരിച്ചു. കാക്കകള്‍ കാര്യങ്ങളെല്ലാം പറഞ്ഞു. ഇത്തവണ, അടക്കിപ്പിടിച്ച ദേഷ്യമെല്ലാം കാക്കപ്പെണ്ണ് കരഞ്ഞുതീര്‍ത്തു. അല്ലെങ്കിലും നമ്മടെ വെഷമം ഉള്ളിലൊതുക്കണേക്കാള്‍ പാടാ, കരയാതെ വേറൊരാളോട് പറഞ്ഞ് തീര്‍ക്കാന്‍.
കുറുക്കന്‍ പറഞ്ഞു.
“പെങ്ങളേ…, കരയണ്ട. വഴിയുണ്ടാക്കാം. ഒരു രക്ഷീം ഇല്ലെങ്കി ഞാന്‍തന്നെ അവനെ തീര്‍ക്കാം… പക്ഷേ കൃഷ്ണസര്‍പ്പല്ലേ…! കൊടും വെഷാ… അഥവാ ഒന്ന് ഇങ്ക്ട് കിട്ടിയാ…. ഞാന്‍ കീരിയൊന്നുമല്ലല്ലോ…!”
കുറുക്കന്‍ ഒന്നാഞ്ഞ് ആലോചിച്ചു. ‘നല്ല നിലാവുണ്ടെങ്കില്‍ ഒന്ന് മനസ്സുതുറന്ന് കൂവിയാല്‍, ഇതിനേക്കാള്‍ വേഗത്തില്‍ ഉപായങ്ങള്‍ തോന്നുമായിരുന്നു!’ എന്ന്, കുറുക്കന്‍ ചിന്തിച്ചു. പെട്ടെന്ന് തലയില്‍ ചന്ദ്രനുദിച്ചു.
“ഒരു വഴിയുണ്ട്. നിങ്ങള് അട്ത്ത്‌ള്ള പട്ടണത്തില് ഒന്ന് പോണം.”
‘പട്ടണത്തില്‍ പോയി വല്ല പാമ്പിന്‍കുടുക്കും വാങ്ങി വെയ്ക്കാനാവുമോ…! അതോ വല്ല വിഷവും മാളത്തിലിടാനോ…?’ കാക്കപ്പെണ്ണ് ചിന്തകളെ കാടഴിച്ചുവിട്ടു.
കുറുക്കന്‍ തുടര്‍ന്നു.
“ഞാന്‍ പറയണപോലെ ചെയ്താ മതി. വെഷമിച്ചിരുന്നിട്ട് ഒന്നിനും ഒരു പരിഹാരൂം ഉണ്ടാക്കാന്‍ പറ്റില്ല. അവനെ എന്തെങ്കിലും സൂത്രം ഉപയോഗിച്ച് വേണം അവസാനിപ്പിക്കാന്‍. നിസ്സാരക്കാരനാണെങ്കിലും നല്ല കൗശലമുള്ളവരെ ശൂരന്‍മാര്‍ക്കുപോലും ഒന്നും ചെയ്യാന്‍ പറ്റില്ല. കൊളത്തിലെ എല്ലാവരേയും ചതിച്ച്, കൊന്ന് തിന്നുകൊണ്ടിരുന്ന ദുഷ്ടന്‍കൊറ്റിയെ, ഒരു ഞണ്ടല്ലേ… കാലന്റട്ത്തയ്ക്ക് വണ്ടി കേറ്റീത്… കേട്ട്ട്ട്‌ല്ല്യേ… അത്?”
പഞ്ചതന്ത്രത്തിലെ ഈ കഥകൾ പുസ്തകമായൊരുങ്ങുന്നു.