മുല്ലാക്കഥകള്‍ എന്ന പേരിലും നസറുദ്ദീന്‍ ഹോജാക്കഥകള്‍ എന്ന പേരിലും മലയാളികള്‍ക്ക് ഏറെ പരിചിതനാണ് നസറുദ്ദീന്‍ ഹോജ.
നസറുദ്ദീന്‍ തുര്‍ക്കിയിലാണ് ജന്മമെടുത്തത് എന്ന് പറയപ്പെടുന്നു. ഒരാളല്ല ഹോജാ എന്നും; ഒന്നിലേറെപ്പേരുടെ ജീവിതങ്ങള്‍ ഈ കഥകളില്‍ കലര്‍ന്നുവന്നിട്ടുണ്ട് എന്നും പറയപ്പെടുന്നു. ഉപദേശി എന്ന അര്‍ത്ഥത്തില്‍ ‘ഹോജ’ എന്ന പേരിലും പണ്ഡിതന്‍, ന്യായാധിപന്‍ എന്നൊക്കെ അര്‍ത്ഥമുള്ള ‘മുല്ല’ എന്ന പേരിലും നസറുദ്ദീന്‍ കഥകള്‍ ലോകമെങ്ങും എത്തിയിട്ടുണ്ട്.
ഈ നസറുദ്ദീന്‍ ഹോജാ ആരാണെന്ന് ചോദിച്ചാല്‍, ഉത്തരത്തിന് ശരിക്കും കഷ്ടപ്പെടും. ഹോജ, ഉപാധികള്‍ വെയ്ക്കാതെ ദൈവത്തോട് ചേര്‍ന്നുനിന്നവനാണ്. ചിലപ്പോള്‍ പണ്ഡിതനും ചിലപ്പോള്‍ മണ്ടനുമാണ്. ചിലപ്പോള്‍ തത്വജ്ഞാനിയും നീതിമാനുമാകുമ്പോള്‍; ചിലപ്പോള്‍ കുടിലചിന്തയുള്ളവനും അധാര്‍മ്മികനുമാണ്. സ്വപ്നജീവിയാണ്. പ്രായോഗികമതിയാണ്. പിശുക്കനും ധാരാളിയും ധനികനും ദരിദ്രനുമാണ്.
കുട്ടിക്കാലത്ത് ഉറങ്ങാന്‍നേരം അമ്മ പറഞ്ഞുതന്ന കഥകള്‍തൊട്ട്, പിന്നീടെപ്പോഴൊക്കെയോ പലപല പുസ്തകങ്ങളില്‍നിന്നായി വായിച്ച കഥകളില്‍വരെ, പൊതുവായി രണ്ട് കാര്യങ്ങള്‍ മാത്രമാണുള്ളത്. ഒന്ന്, ഹോജയ്ക്ക് എപ്പോഴും കൂടെ ഒരു കഴുതയുണ്ട്. രണ്ട്, ഹോജയ്ക്ക് ഭാര്യയെ ഭയമാണ്. ബാക്കിയെല്ലാ സ്വഭാവങ്ങളും പരിതസ്ഥിതികളും ഹോജാക്കഥകളില്‍ മാറിമറിയുന്നു. ഹോജയെ തത്ക്കാലം ‘ഒരു പ്രസ്ഥാനമായി’ കാണാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. താന്‍ പറയുന്ന ബുദ്ധിക്കും താന്‍ കാട്ടിക്കൂട്ടുന്ന മണ്ടത്തരങ്ങള്‍ക്കും കൂടുതലോ കുറവോ പറയാത്ത ഒരു കഴുതയെ എപ്പോഴും കൂടെകൂട്ടിയ ഒരു അതിബുദ്ധിമാന്‍. തെന്നാലിരാമന്റേയും കുഞ്ചന്‍ നമ്പ്യരുടേയും നമ്പൂരിയുടേയും കുഞ്ഞായന്‍ മുസ്ല്യാരുടേയും ബീര്‍ബലിന്റേയുമെല്ലാം കൂട്ടത്തിലേയ്ക്ക് നമ്മളെ മാന്തിച്ചിരിപ്പിക്കുന്ന ഒരു രസികന്‍.
ഈ കഥകളൊന്നും എന്റേതല്ല. എല്ലാം പലകാലങ്ങളില്‍ എന്നെ തേടിവന്നവ. മിക്ക കഥകളും അമ്മ, തറവാട്ടിലെ ഇടനാഴിയില്‍ ഞങ്ങളെ ഉറക്കാന്‍ കിടത്തി പറഞ്ഞുതന്നവ. ബാക്കിയുള്ളവ ജീവിതയാത്രകളില്‍ ചിലര്‍ പറഞ്ഞ് ചിരിച്ചുകേട്ടവ. അപൂര്‍വ്വം, വായിച്ച പുസ്തകങ്ങളില്‍നിന്നും എത്തിനോക്കിയവ. ഈ കഥകളില്‍, കഥ പറയുന്ന ശൈലിയൊഴിച്ച് ഒന്നും എന്റേതല്ല.
ഹോജാക്കഥകളുടെ സമാഹാരം, ഉടൻ, പുസ്തകരൂപത്തിൽ ലഭ്യമാകുന്നതാണ്.