“നിങ്ങളുടെ ഭാഷാശാസ്ത്രജ്ഞർ നിങ്ങളോട് പറഞ്ഞത്,
ഭാഷ എന്നത് വിനിമയത്തിന് വേണ്ടിയുള്ളതാണ് എന്നായിരിക്കും.
പി എച്ച് ഡി യൊക്കെ എടുത്ത, നിങ്ങടെ ശാസ്ത്രജ്ഞരല്ലേ !
പറയേണ്ട താമസം; നിങ്ങളത് തൊണ്ട തൊടാതങ്ങ് വിഴുങ്ങിയും കാണും!”
നിർമ്മലാനന്ദസ്വാമി ഒരിക്കൽ പറഞ്ഞുകേട്ടത്, കോശങ്ങൾ ഓർത്തെടുത്ത്,
വായനാദിനത്തിൽ എന്റെ
തലയ്ക്കെറിഞ്ഞു.
“അസുഖമുള്ള കുട്ടികൾക്ക് കൊഞ്ഞപ്പ് കണ്ടിട്ടില്ലേ ?
മാരകമായ അസുഖങ്ങളുള്ള കുട്ടികൾക്ക് അക്ഷരശുദ്ധി ഉണ്ടാവില്ല. അവർ എന്തെങ്കിലുമൊക്കെ പറഞ്ഞൊപ്പിക്കും എന്നു മാത്രം.
രോഗമുള്ള കുട്ടികൾക്ക് അക്ഷരശുദ്ധി ഇല്ലാതാകണമെങ്കിൽ;
നിങ്ങൾ പഠിച്ച മാത്തമാറ്റിക്സിലെ, ‘വൈസ് വേഴ്സാ’ എന്ന നിയമമനുസരിച്ച്,
അക്ഷരങ്ങളെ ശുദ്ധതയില്ലാതെ ഉച്ചരിച്ചാൽ അവർക്ക് അസുഖവും വരാം എന്ന് മനസ്സിലാക്കണം.”
ഞാൻ ഇത് അത്ഭുതത്തോടെയാണ് കേട്ടത്.
ഞെട്ടിയില്ല.
കാരണം,
അമ്മയും അച്ഛനും മുത്തശ്ശനും മുത്തശ്ശിയും ഞങ്ങളെ നല്ല അക്ഷരശുദ്ധിയോടെ സംസാരിക്കാനും വായിക്കാനും പഠിപ്പിച്ചിരുന്നു.
പിന്നീട്,
ഹരിഗിരിസ്വാമികളാണ് പറഞ്ഞത്;
നമ്മളുടെ ശരീരത്തിലെ അമ്പത്തൊന്ന് പ്രധാന അവയവങ്ങൾക്കും ഓരോ അധിദേവതയുണ്ട് എന്ന്.
ഏത് ദേവതയാണോ കോപത്തിലുള്ളത് ആ അവയവത്തിന് അസുഖങ്ങൾ ബാധിക്കും എന്ന്.
ഞാൻ ചോദിച്ചു;
“അങ്ങനെ കോപിക്കാതിരിക്കാൻ എന്താ വഴി ?”
“നിത്യം സന്ധ്യയ്ക്ക് വിളക്കുവെച്ച് , അക്ഷരശുദ്ധിയോടെ അക്ഷരമാല ഒരു വട്ടം ചൊല്ലിയാൽ മതി.”
“അതായത് …….!?”
എന്റെ സംശയം തീർന്നില്ല.
“ഈ അമ്പത്തൊന്ന് ദേവതകൾക്കും പ്രകൃതിയിലുള്ളതുപോലെ നമ്മളുടെ ഉള്ളിലും അവരവരുടേതായ ഇരിപ്പിടമുണ്ട്.
അതാണ് നമ്മളുടെ ശരീരത്തിലെ അമ്പത്തൊന്ന് പ്രധാന അവയവങ്ങൾ.
ഓരോ ദേവതയ്ക്കും ഒരു മന്ത്രാക്ഷരവുമുണ്ട്.
ഈ മന്ത്രാക്ഷരം ജപിച്ചാണ് ദേവതയെ പ്രസാദിപ്പിക്കേണ്ടത്.
ആ മന്ത്രാക്ഷരങ്ങളാണ് അക്ഷരമാലയിലെ അക്ഷരങ്ങൾ.
അമ്പത്തൊന്ന് അക്ഷരങ്ങളും കൃത്യമായി ഉച്ചരിച്ച് ശീലിച്ചാൽ,
എല്ലാ അവയവങ്ങളിലും അതിന്റെ അധിദേവതകൾ പ്രസാദത്തോടെ ഇരിക്കും.
നമ്മൾക്ക് അസുഖങ്ങൾ വരില്ല.”
തുടർന്നുള്ള യാത്രകളിൽ,
ശ്രീ എം ആർ രാജേഷിൻ്റെ പുസ്തകത്തിൽനിന്ന് ഈ അമ്പത്തൊന്ന് ദേവതകളുടെയും ചിത്രങ്ങൾ എനിക്ക് ലഭിച്ചു.
തുടർയാത്രയിൽ,
തിരുവനന്തപുരത്തെ പൗർണ്ണമിക്കാവിൽ ഈ അമ്പത്തൊന്ന് ദേവതകളെയും കാണാൻ പറ്റി.
പൗർണ്ണമിയ്ക്ക് മാത്രം തുറക്കുന്ന പൗർണ്ണമിക്കാവിൽ ഒറ്റ നാളിൽ ഒന്നര ലക്ഷത്തോളം ആൾക്കാർ വന്ന് തൊഴുതുപോകുമത്രേ!
‘അക്ഷരദേവതാക്ഷേത്രം’ എന്നും പൗർണ്ണമിക്കാവ് അറിയപ്പെടുന്നു.
തനി ദ്രാവിഡസമ്പ്രദായങ്ങൾ.
KSRTC ഇവിടേയ്ക്ക് പൗർണ്ണമി ദിവസം സ്പെഷ്യൽ സർവ്വീസ് നടത്തുന്നുണ്ട്.
ഇത്രയൊക്കെയായിട്ടും മനസ്സിലെ ആ സംശയാലുവിന്റെ ചോദ്യങ്ങളും തൃപ്തി വരായയും തുടർന്നു.
അപ്പോഴാണ് അഭിനവ ബാലാനന്ദ ഭൈരവ സ്വാമി ഉദാഹരണസഹിതം പറഞ്ഞുതന്നത്.
“ഘ എന്നോ
ഝ എന്നോ
ഢ എന്നോ
ധ എന്നോ
ഭ എന്നോ ഉച്ചരിക്കുമ്പോൾ,
വയറിൽ കൈ ചേർത്തുവെച്ചു നോക്കൂ.
ഉച്ചാരണം കൃത്യമാണെങ്കിൽ വയർ പിടയ്ക്കും.
അതായത്, അക്ഷരമാലയിലെ, ‘ഘോഷം’ എന്ന വിഭാഗത്തിലെ ഈ അക്ഷരങ്ങൾ ഉച്ചരിക്കുമ്പോൾ;
ശരീരത്തിലെ ഒരു പ്രത്യേക ഭാഗം ത്രസിക്കുന്നുണ്ട് എന്ന് ഉറപ്പല്ലേ?
ഖരമോ ( ക,ച,ട,ത,പ )
മൃദുവോ (ഗ,ജ ,ഡ,ദ,ബ)
ഉച്ചരിക്കുമ്പോൾ ഈ ഭാഗത്ത് അനക്കമില്ലല്ലോ!?
അപ്പോൾ,
ഘടികാരം എന്നതിന്, കടികാരം എന്നോ
ഗഡികാരം എന്നോ പറഞ്ഞാൽ,
ആ ഭാഗം ത്രസിക്കില്ല എന്നുറപ്പല്ലേ?”
ഇതുതന്നെയാണ് നിർമ്മലാനന്ദസ്വാമിയും മറ്റ് ആചാര്യൻമാരും മറ്റൊരു രീതിയിൽ പറഞ്ഞത്.
ഉച്ചാരണശുദ്ധിയുണ്ടെങ്കിൽ ആ വ്യക്തിയ്ക്ക് അസുഖം വരില്ല.
ക ഖ ഗ ഘ ങ
എന്നുതന്നെ പറയണം.
കായിക്കാ ഗായിക്കാ ങ്ങാ
എന്ന് പോരാ.
കാക്കാഗംഗ്ഗങ്ങാ
എന്നും പോരാ.
ഇത് നമ്മൾപോലും അറിയാതെ ശീലമാവാനാണ്, സന്ധ്യയ്ക്ക് വിളക്കുവെച്ച് നാമംചൊല്ലലും അക്ഷരമാല ചൊല്ലിയുറപ്പിക്കലും
ലളിതാസഹസ്രനാമം ചൊല്ലലും അക്ഷരശ്ലോകമത്സരം നടത്തലുമെല്ലാം പണ്ടുള്ളവർ ചെയ്തിരുന്നത്.
അക്ഷരമാലതന്നെ വേണമെന്നില്ലാതായ ഈ കാലത്തിനെ,
സ്വാമിജി പറഞ്ഞതു പറഞ്ഞുതന്നെ വേണം നേരിടാൻ.
വൈസ് വേഴ്‌സാ എന്നൊരു നിയമമുണ്ട്.
അപ്രകാരമെങ്കിൽ ഇപ്രകാരവും.
ആരോഗ്യമുള്ളവർ അക്ഷരം കൃത്യമായി ഉച്ചരിക്കുമ്പോൾ,
അക്ഷരസ്‌ഫുടതയില്ലാത്തവർ രോഗികളായി മാറും.
ഭാഷ എന്നത് വിനിമയത്തിന് വേണ്ടി മാത്രമല്ല.
അത് ഒരു ആരോഗ്യശാസ്ത്രംകൂടി ചേർന്നതാണ്.
PC- internet