കാലത്തെണീറ്റമുതല്‍
കണ്ട അണ്ടനേം അടകോടനേയുമൊക്കെ
സുഖിപ്പിക്കാന്‍
ആട്ടിയാട്ടി നടന്നതാ…
ഇളകിപ്പോയോ ആവോ…?
സന്ധ്യയായപ്പോള്‍
സ്വന്തം വാലിലേക്കൊന്ന്
തിരിഞ്ഞുനോക്കി, പട്ടി.
‘പോടാ പട്ടീ…..’
വാല്‍, ഒരൊറ്റ ആട്ട്.!
പലരുടെയും മുന്നില്‍,
പിന്നിലിട്ട് ആട്ടിയാട്ടി,
നാണം കെടുത്തിയ പട്ടി…!
പിന്നൊരു യുദ്ധമായിരുന്നു
പട്ടിയും വാലും തമ്മില്‍.
പിടികൂടാനും കടിച്ചു പറിക്കാനും
പിടികൊടുക്കാതെ വട്ടത്തിരിപ്പിക്കാനും
കറങ്ങിക്കറങ്ങിക്കറങ്ങിക്കറങ്ങി….
തലചുറ്റി വീഴും വരെ.
എന്നിട്ട്,
വാല്‍ നാട്ടയില്‍ തിരുകി
ചുരുണ്ടു കിടന്നുറങ്ങി, പട്ടി.
കാലത്തെണീയ്ക്കണ്ടതാ…. !
പതിവുപോലെ,
പലരേയും സുഖിപ്പിക്കാനുള്ളതാ…. !!