ശിവനെ ദക്ഷൻ അപമാനിച്ചതിൽ കോപിച്ച്, ‘ദക്ഷന്റെ മകൾ’ എന്ന ; തന്റെ ശരീരമുപേക്ഷിച്ച സതി , പിന്നീട്, ഹിമവാന്റെയും മേനയുടെയും മകളായി, പാർവ്വതിയായി ജനിച്ചു.
അതാണ് ശൈലപുത്രി.
ശൈലപുത്രി മൂലമാണ്, പ്രകൃതിയാണ്, ജഗൻമാതാവാണ്.
നാരദൻ, ശിവനേപ്പറ്റി സൂചന നൽകി, പ്രചോദനം കൊടുത്തപ്പോൾ; മനസ്സുണർന്ന്, ലക്ഷ്യസ്ഥാനമായ ശിവനെ നേടാൻ,
ശൈലപുത്രി കൊടുംതപസ്സാരംഭിച്ചു.
ഈ തപംതൊട്ട് ദേവി ബ്രഹ്മചാരിണിയാണ്.
ബ്രഹ്മചാരിണിയായ പാർവ്വതിക്കുമുന്നിൽ ശിവൻ പ്രത്യക്ഷപ്പെട്ട്, ദേവിയുടെ ആഗ്രഹം നിറവേറും എന്നറിയിച്ചു.
വിവാഹനാൾ വന്നെത്തി.
വരനേയും ബന്ധുക്കളേയും കാത്തിരിക്കുകയാണ് ഹിമവാനും വീട്ടുകാരും.
ശിവനേയും ശിവനൊപ്പം വരുന്ന കൂട്ടത്തേയും കണ്ട്, മേനാദേവി ഭയന്ന് ബോധംകെട്ടു .
ചുടലഭസ്മവും വാരിപ്പൂശി , കഴുത്തിലും കയ്യിലുമെല്ലാം പാമ്പുകളുമായി ശിവൻ എന്ന കല്യാണച്ചെക്കൻ !
കല്യാണമായതിനാൽ; ഭസ്മം കുറച്ച് കൂടുതൽ പൂശിയിട്ടുമുണ്ട്!
കൂടെയുള്ള ഭൂതങ്ങളുടെ കാര്യം പറയുകയും വേണ്ട !
സർവ്വരൂപങ്ങളും സർവ്വ ആയുധങ്ങളും ഒരൊറ്റ മുറ്റത്ത് കണ്ടാണ് ഹിമവാന്റെ ഭാര്യയായ മേന ബോധം നഷ്ടപ്പെട്ട് വീണത്.
‘വേഷത്തിൽ എന്തിരിക്കുന്നു !’ എന്ന്, തന്റെ ബന്ധുക്കളെ കാണിച്ചുകൊടുക്കാൻ, വിവാഹവസ്ത്രം ധരിച്ചുനിന്നിരുന്ന പാർവ്വതി (ബ്രഹ്മചാരിണി) തീരുമാനിക്കുന്നു.
അങ്ങനെ, ഭൂതഗണങ്ങളിൽനിന്ന് ആയുധങ്ങളും വാങ്ങി, നെറ്റിയിൽ ചന്ദ്രക്കലയും ചൂടി, സിംഹത്തിൻ്റെ പുറത്തിരുന്ന് (പുലിയാണെന്നും കഥാഭേദം) വരനേയും കൂട്ടരേയും പാർവ്വതി സ്വീകരിച്ചതായാണ് ചന്ദ്രഘണ്ടാദേവിയേക്കുറിച്ചുള്ള ഒരു കഥയിൽ പറയുന്നത്.
എന്നിട്ട്, ശിവനോട്,
ഇന്ന് വിവാഹദിനമാണെന്നും;
ഏവർക്കും കാഴ്ചയ്ക്ക് ശുഭകരമായ വേഷത്തിൽ അങ്ങ് കാണപ്പെടണം
എന്നും ദേവി പറഞ്ഞു.
തുടർന്ന്, ശിവൻ, സുന്ദരനായ ചെറുപ്പക്കാരന്റെ വേഷത്തിൽ വരനായിനിന്ന് പാർവ്വതിയെ വിവാഹംചെയ്തു.
മണിയുടെ അഥവാ ഘണ്ടയുടെ രൂപമുള്ള ചന്ദ്രക്കല നെറ്റിയിൽ അണിഞ്ഞവൾ ആയതിനാൽ ചന്ദ്രഘണ്ട എന്ന് പേര് വന്നു എന്നാണ് കഥാഭാഗം.
ചന്ദ്രക്കലയും ഘണ്ടയും അണിഞ്ഞവൾ എന്നും ഭേദമുണ്ട്.
ഈ രൂപമാറ്റത്തിൽ, ദേവിക്ക് പത്ത് കൈകളാണ്.
സ്വർണ്ണനിറമാണ്.
ജപമാലയും കമണ്ഡലുവും ദേവി ഈ രൂപത്തിലും കയ്യിൽ ധരിക്കുന്നുണ്ട്.
കയ്യിൽ ജ്ഞാനമുദ്രയുമുണ്ട്.
തപസ്സിലൂടെ യഥാർത്ഥ കാഴ്ച നേടിയതിനാൽ, സദാ തുറന്നിരിക്കുന്ന തൃക്കണ്ണുമുണ്ട്.
ഇതോടൊപ്പം, ശത്രുക്കളെ നേരിടാനുള്ള ആയുധങ്ങളും;
അതിന് വേഗമേറ്റാനുള്ള വാഹനവും ദേവിയുടെ ഈ രൂപത്തിൽ എത്തിച്ചേരുന്നു.
അശരണരെ സംരക്ഷിക്കാനുള്ള ഇറക്കമാണ് ദേവി.
കയ്യിൽ അഭയമുദ്രയുമുണ്ട്.
ചിലർ പറഞ്ഞ് കേട്ട മറ്റൊരു കഥ ഇങ്ങനെയാണ്.
വിവാഹശേഷം പാർവ്വതി കൈലാസത്തിൽ ഗൃഹപരിചരണത്തിൽ മുഴുകി കഴിയുന്നു.
ശിവൻ , താരകാസുരനെ വധിക്കാനുള്ള സുബ്രഹ്മണ്യജനനത്തിനുംമുമ്പുള്ള കൊടുംതപസ്സിലാണ്.
ഈ തപസ്സ് എന്തിനാണെന്നും;
തപം കഴിഞ്ഞ് സൃഷ്ടിക്കപ്പെടാൻപോകുന്ന ശിവന്റെ മകൻ തന്നെ വധിക്കും എന്നും അറിയുന്ന താരകാസുരൻ,
ശിവന്റെ തപസ്സ് മുടക്കാൻവേണ്ടി അസുരൻമാരെ കൈലാസത്തിലേയ്ക്കയക്കുന്നു.
ഒറ്റയ്ക്ക് കഴിയുന്ന പാർവ്വതിയെ ഉപദ്രവിച്ചാൽ, തപസ്സിന് മുടക്കം വന്ന്, ശിവൻ മടങ്ങിയെത്തും എന്നതാണ് അസുരപദ്ധതി.
അസുരൻമാർ ആക്രമിച്ചപ്പോൾ പാർവ്വതി ശിവന്റെയടുത്തെത്തി.
അപ്പോൾ,
പാർവ്വതി തപസ്സിലൂടെ നേടിയ അതുല്യമായ ശക്തിയെ ശിവൻ ഓർമ്മപ്പെടുത്തുന്നു.
എല്ലാം നേരിടാൻ പാർവ്വതിയോട് ആവശ്യപ്പെട്ട്, ശിവൻ തപസ്സ് തുടരുന്നു.
പാർവ്വതി കൈലാസത്തിലെത്തി, അസുരൻമാരുമായി യുദ്ധം ആരംഭിക്കുന്നു.
ഇരുട്ടിൽ യുദ്ധം ചെയ്യാൻ വെളിച്ചത്തിനായി ചന്ദ്രക്കല നെറ്റിയിൽ ചൂടുന്നു പാർവ്വതി.
ഘണ്ട അഥവാ മണിയുടെ ശബ്ദവും
ഈ ഘണ്ടകൊണ്ടുള്ള അടിയുംകൊണ്ട് പാർവ്വതി യുദ്ധം ജയിക്കുന്നു എന്നാണ് ആ കഥ പറയുന്നവർ ചന്ദ്രഘണ്ടയെ വ്യാഖ്യാനിക്കുന്നത്.
കഥ ഏതായാലും;
ജ്ഞാനമുദ്ര ധരിച്ച ; സാത്വികഭാവമുള്ള ബ്രഹ്മചാരിണി, രാജസഭാവംകൂടി കലർന്ന ചന്ദ്രഘണ്ടയിൽ എത്തുകയാണ്.
അമൂർത്തമായ അറിവിൻ്റെ അമ്മയാണ് ചന്ദ്രഘണ്ട.
ത്രിനേത്രങ്ങളും തുറന്നവളാണ്.
സദാ യുദ്ധസന്നദ്ധയായി ആയുധം ധരിച്ചവളുമാണ്.
നേടിയ ശക്തി പ്രയോഗിക്കാൻ തീരുമാനിച്ച ദേവി എന്നർത്ഥം.
പുറത്തൊരു ചന്ദ്രഘണ്ട ഉണ്ടെങ്കിൽ, നമ്മുടെ അകത്തും ആ ദേവി ഉണ്ടായേ തീരൂ. ബ്രഹ്മാണ്ഡത്തിലുണ്ടെങ്കിൽ പിണ്ഡാണ്ഡത്തിലും ഉണ്ടാവും എന്നർത്ഥം.
നമ്മുടെ മൂലാധാരത്തിലെ ശൈലപുത്രി ഉണർന്ന്, കഠിനതപസ്സിലൂടെ ലക്ഷ്യസ്ഥാനത്തേയ്ക്ക് കുതിച്ച്,
ഭയാശങ്കകളുടെ സ്വാധിഷ്ഠാനചക്രം ഭേദിച്ചാൽ……
പിന്നെ മണിപുര ചക്രമാണ്.
നമ്മുടെ അകത്ത് ചന്ദ്രഘണ്ട കുടികൊള്ളുന്നത് മണിപുര ചക്രത്തിലാണ്.
രത്നനഗരമാണ് മണിപുര.
ഈ ചക്രത്തിലെത്തിയാൽ, ലോകത്തിലെ ദിവ്യരത്നങ്ങൾ എന്ന് വിശേഷിപ്പിക്കുന്ന എന്തും ഉപാസകനിൽ വന്നുചേരും എന്നും വ്യംഗ്യാർത്ഥം.
ഈ ദേവിയും ബ്രഹ്മചാരിണിയെപ്പോലെ ശുക്രനെ ഭരിക്കുന്നതായും നിയന്ത്രിക്കുന്നതായും പറയുന്നു.
മുല്ലപ്പൂതന്നെയാണ് ചന്ദ്രഘണ്ടയ്ക്കുമിഷ്ടം.
നമ്മൾ കഠിനപരിശ്രമത്തിലൂടെ നേടിയ അറിവും കഴിവും പ്രായോഗികജീവിതത്തിൽ ആചരിക്കുന്നതിനുവേണ്ട ശക്തിയും സംരക്ഷണവും തരുന്ന ദേവിയാണ് ചന്ദ്രഘണ്ട.
സൗന്ദര്യത്തിന്റെ ദേവതയുമാണ് ചന്ദ്രഘണ്ട.
ചന്ദ്രഘണ്ടാ ഉപാസകർ നിർഭയരായിരിക്കും.
മണിപുര ചക്രമുണർന്നവർക്ക് ദൈവികസുഗന്ധങ്ങളും അലൗകികശബ്ദങ്ങളും അനുഭവവേദ്യമെന്നും പറയുന്നു.
കാശിയിലും ജയ്പൂരിലും ഉത്തരാഖണ്ഡിലും ചന്ദ്രഘണ്ടാദേവിയുടെ ക്ഷേത്രങ്ങളുണ്ട്.
കൂഷ്മാണ്ഡാദേവിയുടെ ചരിതം തുടരും.