‘ചേട്ട പുറത്ത് ശീപോതി അകത്ത്.’
കർക്കടകത്തിനെ വരവേൽക്കുക എന്ന് പറഞ്ഞാൽ അതിനർത്ഥം , ലക്ഷ്മീദേവിയെ സ്വീകരിക്കാൻ തയ്യാറാകുക എന്നാണ്.
ഒരുകൊല്ലക്കാലത്തിൽ ബാക്കിയായതും
ഇനി ആവശ്യമില്ലാത്തതുമായ സകല സംഗതികളേയും വാരിക്കളഞ്ഞ്, വീട് വൃത്തിയാക്കുന്ന ഒരു പദ്ധതിയാണ് ജ്യേഷ്ഠയെ പുറത്തുകളയലും ശ്രീയെ അകത്തിരുത്തലും.
കർക്കടകത്തിന് തൊട്ടുമുമ്പുതന്നെ വീടിന്റെ മുക്കും മൂലയും പൊടിയെല്ലാം തുടച്ച് വൃത്തിയാക്കും.
പണ്ടാണെങ്കിൽ, വാതിലൊക്കെ പാറകത്തിന്റെ ഇലകൊണ്ട് ഉരച്ച് നല്ല പളപളാന്നാക്കും.
വൃത്തിയുള്ള സ്ഥലത്തേയ്ക്കേ ഐശ്വര്യം കയറി വരൂ.പൊടിപിടിച്ചതും മാറാല പടർന്നതും ചളിയും പൊടിയും നിറഞ്ഞതുമായ ഇടങ്ങൾ ചേട്ടയുടെ ഇടങ്ങളാണ്.
ഐശ്വര്യദേവതയായ ലക്ഷ്മീദേവിയും മോശക്കാരിയായ ജ്യേഷ്ഠാ ഭഗവതിയും സഹോദരികളാണ്.
എന്നാൽ, ഏട്ടത്തി ഉള്ളിടത്ത് ശ്രീക്കുട്ടി ഇരിക്കില്ല.
വീട് വൃത്തിയായാൽ ജ്യേഷ്ഠ അഥവാ ചേട്ടയ്ക്ക് പുറത്തുപോയേ തീരൂ.
ഉടൻ തന്നെ ഐശ്വര്യം അകത്ത് വരികയും ചെയ്യും.
ചേട്ടയെ പുറത്തുകളയുമ്പോഴും നമ്മൾ സ്നേഹത്തോടെ ഓർക്കും…
‘പാവമല്ലേ ! നമ്മുടെ വീട്ടിൽ നമ്മളൊരുക്കിയ വൃത്തികേടിൽ കുറേ ദിവസം നമ്മൾക്കൊപ്പം കഴിഞ്ഞതല്ലേ. അടിച്ചുപുറത്താക്കിയാൽ പാവം പട്ടിണിയാവില്ലേ !
ഇന്നൊരു ദിവസത്തേയ്ക്ക് നമ്മൾതന്നെ അന്നം കൊടുക്കണം.
അത് കഴിച്ച് വിശപ്പുമാറിയിട്ട് അവർ വൃത്തികേടുള്ള ഏതെങ്കിലും ഇടം നോക്കി പോയിക്കോളും.’
നല്ല മുറം ലക്ഷ്മിയുടെ പീഠമാണ്.
കീറിയ മുറമാണ് ജ്യേഷ്ഠയുടേത്.
വീടെല്ലാം അടിച്ച് തുടച്ച് വൃത്തിയാക്കിയ ശേഷം,
കീറിയ മുറത്തിൽ
കുറ്റിച്ചൂല്, പൊട്ടക്കലം, കരിക്കട്ട എന്നിവയ്ക്കൊപ്പം അരിയും ഉപ്പും ചേർത്ത് നമ്മൾ വീട്ടിന് വെളിയിൽ വെയ്ക്കും.
ഇത്രയും കാലം നമ്മൾക്കൊപ്പം കഴിഞ്ഞതല്ലേ, ഇറക്കിവിടുമ്പോഴും പട്ടിണിയാവരുത് എന്ന നൻമയാണിതിന് പിന്നിൽ.
അതിനു ശേഷം, കുളിച്ച് അകത്ത് വിളക്കുകത്തിച്ചാൽ, ശ്രീഭഗവതി അഥവാ ശീപോതി അകത്ത് കയറി ഇരുന്നോളും.
ജ്യേഷ്ഠാഭഗവതിക്ക് നമ്മൾ പുറത്താക്കിയാലും കഷ്ടപ്പെടേണ്ടിയൊന്നും വരില്ല.
വൃത്തികേടിനാണോ ഈ നാട്ടിൽ വല്ല കുറവും !
ഇത്രയും പറഞ്ഞത് ഇനി നമ്മൾ കർക്കടകമാസത്തിലേയ്ക്ക് കടക്കാൻ പോകുന്നതുകൊണ്ടു മാത്രമല്ല.
കോയമ്പത്തൂരിലെ ഈശാ യോഗാ സെന്ററിൽ മൂന്ന് നാൾ താമസിച്ചപ്പോഴത്തെ അനുഭവംകൂടി പറയാനാണ്.
ഈശയിൽ, ഒരു ദിവസം ആയിരത്തി അഞ്ഞൂറിനും മൂവായിരത്തിനും ഇടയ്ക്ക് ആൾക്കാർ ഭക്ഷണം കഴിക്കുന്ന ഹാളിൽ ഏവരും നിലത്തിരുന്നാണ് കഴിക്കുന്നത്.
ഇത്രയും ആൾക്കാർ രണ്ടുനേരം പല പന്തികളിലായി കഴിച്ചിട്ടും;
നമ്മൾ എപ്പോൾ കഴിക്കാൻ കയറുമ്പോഴും നിലത്ത് ഒരു വറ്റില്ല !
എങ്ങും വെള്ളം പോയിക്കിടപ്പില്ല !
നടക്കുമ്പോൾ കാലിൽ ഒട്ടലില്ല!
നിലത്തിരിക്കാൻ പറ്റാത്തവർക്ക് ഏതാനും സ്‌റ്റീൽ മേശകൾ ഇട്ടിട്ടുണ്ട്.
ഒരേ തുണികൊണ്ടുതന്നെ പലവട്ടം തുടച്ചുതുടച്ച് സാധാരണ കാണുന്നതായ ആ പാടുമില്ല!
ഭക്ഷണം കൊടുക്കുന്നതിലെ ചിട്ടയും വൃത്തിയും കണ്ടു പഠിക്കാൻ ഏവരും ചെല്ലേണ്ട ഇടമാണ് ഈശാ.
ഇവിടെ ചേട്ടാഭഗവതിക്ക് സ്ഥാനം കിട്ടിയിട്ടേയില്ല.
കൈകൾ കഴുകുന്നിടത്തോ മുറികളിലോ ഒരു ടാപ്പിലെങ്കിലും ഒരു തുള്ളി വെള്ളം പോലും ലീക്കായി ഒറ്റിവീഴുന്നത് നമ്മൾക്ക് കാണാൻ കഴിയില്ല !
ഫ്ലഷ് ടാങ്കിലെ വാഷറിന്റെ കേടുമൂലം ലീക്ക് അധികരിക്കുമ്പോൾ വാൾവ് ക്ലോസ് ചെയ്തുവെച്ച ഒരിടവും ഇവിടെ കാണാൻ എനിക്ക് പറ്റിയില്ല !
(എന്റെ വീട്ടിലെ ഒരു ബാത്റൂമിൽ ഒരു ഫ്ലഷ് ടാങ്ക് ലീക്ക് മൂലം വാൾവ് ക്ലോസ് ചെയ്തിരിക്കുകയാണ്.)
ഒരിടത്തും ഒരു ബൾബും കത്താത്തത് ഞാൻ കണ്ടില്ല. തിരിയാത്ത ഫാനോ കേടായ റഗുലേറ്ററോ കേടായ AC റിമോട്ടോ ഇവിടെ കണ്ടില്ല.
ഒരിടത്ത് ഒരു സിസ്റ്റം കൃത്യമായി പ്രവർത്തിക്കുന്നു എന്നതിന്റെ തെളിവുകളാണിവ.
വീണ്ടും വൃത്തിയിലേയ്ക്ക് വരാം.
ഈശയിലെ എല്ലാ മുറിയിലും ചവിട്ടി വെള്ള നിറമാണ്.
ബെഡ്ഷീറ്റും വെള്ളയാണ്.
നിത്യം രണ്ടുനേരം, വൃത്തിയാക്കൽതൊഴിലാളികൾ, ചളിയുടെ നേരിയ സൂചന കണ്ടാൽവരെ ഇത് മാറ്റി വേറെ ഇടുന്നു!
അലമാരയുടെ വാതിലിന്റെ മടക്കുകളിൽ…..
റൂമിലെ ടൈലിന്റെ സ്കേർട്ടിങ്ങിൽ….
മേശയിൽ …
കസേരയിൽ……
കട്ടിലിൽ….
ഒന്നും
പൊടി കെട്ടിക്കിടക്കുന്നില്ല !
മുറികളുടെ മൂലകളിൽ പല്ലിക്കാട്ടംപോലും കാണാനായില്ല !
മാറാല പിടിച്ച ഇടങ്ങൾ എങ്ങുമില്ല!
കറപിടിച്ച
ക്ലോസറ്റോ
വാഷ് ബേസിനോ കാണാനായില്ല !
അതായത്, ജ്യേഷ്ഠാഭഗവതിയെ കർക്കടകം വരെ അകത്തിരുത്തി,
കർക്കടകം വരുമ്പോൾ കേടായ മുറത്തിൽ കീറത്തുണിയും പൊട്ടിയ കലവും വെച്ച് പുറത്താക്കി ഭക്ഷണം കൊടുക്കുന്ന ഏർപ്പാട് ഈ സ്ഥാപനത്തിന് ആവശ്യമേ ഇല്ല എന്നു ഞാൻ അനുഭവത്തിൽ നിന്നറിഞ്ഞു.
വൃത്തിയുടെ മാനേജ്മെന്റ് പഠിക്കാൻ ധൈര്യമായി പോകാം ഈശയിലേയ്ക്ക്.
ഞാൻ ഈ വിവരം ഏട്ടനോട് പറഞ്ഞപ്പോൾ അവൻ പറഞ്ഞു; കാശുണ്ടെങ്കിൽ എന്തുമായിക്കൂടേ ?
ഞാനും തർക്കിച്ചു ,
എന്റെയോ നിന്റെയോ വീട്ടിൽ എല്ലാ ഇടവും ഇങ്ങനെ വൃത്തിയിലാണോ ഇരിക്കുന്നത് ?
കാശിന്റെ കുറവുകൊണ്ടാണോ നമ്മൾ അതിൽ നിത്യം ശ്രദ്ധിക്കാത്തത് !?
അവൻ ഒന്നും പറഞ്ഞില്ല.
എനിക്കുറപ്പാണ്;
ഇതൊരു മാനേജ്മെന്റ് സ്കിൽ ആണ് എന്നത്.
വൃത്തികേടായി കിടക്കുന്ന അനേകം ആശ്രമങ്ങളും നിരവധി ക്ഷേത്രങ്ങളും കണ്ട് മനംനൊന്ത ഞാൻ പറയുന്നു;
വൃത്തിയ്ക്കൊപ്പമേ ഐശ്വര്യം കടന്നുവരൂ
എന്ന് തിരിച്ചറിവുള്ള സദ്ഗുരുവിന്റെ വൃത്തിയോടുള്ള മനോഭാവംകൂടിയാണ് ഇവിടെ പ്രതിഫലിക്കുന്നത്.