ഈശാ ( ഇഷ ) യോഗാ സെന്ററിലെ മൂന്നാംനാൾ ഞാൻ എന്റെ ആഗ്രഹം പറഞ്ഞു.
“എനിക്ക് ഇവിടത്തെ ഗോശാല കാണണം.”
കുട്ടികളേപ്പോലെത്തന്നെയാണ് പശുക്കളും.
കണ്ണുകൊണ്ട് സംസാരിക്കുന്ന ഇവരാണ് ദൈവത്തിന്റെ പ്രതിരൂപങ്ങൾ.
കുട്ടിക്കാലത്ത് തറവാട്ടിലുണ്ടായിരുന്ന ;
ചെമ്പി, പുള്ളിപ്പശു, കെഴക്കത്തി എന്നീ പശുക്കൾ എന്റെ ചങ്ങാതിമാരും പോറ്റമ്മയും ആയിരുന്നു.
ഭാരതത്തിലെ ഏതൊരു മനുഷ്യനും പെറ്റമ്മയ്ക്കൊപ്പം ഈ പോറ്റമ്മയും പ്രധാനപ്പെട്ടതാവേണ്ടതാണ്.
മുലകുടി നിർത്തിയിട്ടും;
ഒരായുസ്സു മുഴുവൻ നമ്മൾ,
ചായയായും കാപ്പിയായും ഷേയ്ക്ക് ആയും ബദാം മിൽക്ക് ആയും തനി പാലായും കുടിക്കുന്ന പാല്,
ഈ പശുക്കൾ ചുരത്തുന്നതാണ് എന്ന് നമ്മൾ നന്ദിയോടെ ഓർക്കേണ്ടതാണ്.
അതുകൊണ്ടുതന്നെ എനിക്ക് ആ അമ്മമാരെ കാണണം എന്ന് തോന്നി.
ഈശാ യോഗാ സെന്ററിൽ വിശാലമായ പുൽമൈതാനമാണ് പശുക്കൾക്ക് സ്വതന്ത്രമായി മേയാനായി ഒരുക്കിയിട്ടുള്ളത്.
ഗോശാലയിലേയ്ക്ക് സ്വീകരിക്കുന്നത് കാങ്ക്രജ് എന്ന വിഭാഗത്തിൽപ്പെട്ട കാളയാണ്.
‘ഇത്രയും പെരുത്തൊരു കാള ഇങ്ങനെയും ശാന്തമാവുമോ !’ എന്ന്, ഞാൻ അമ്പരന്നു.
തൊട്ടുതലോടിയപ്പോൾ അണ്ണാൻകുഞ്ഞിനേപ്പോലെ ചേർന്നുനിന്നു.
എനിക്ക് നേരിയ ഭയം ഉണ്ടായിരുന്നു.
കെട്ടിയിട്ടിട്ടുണ്ടെങ്കിലും; ഇവൻ തലയൊന്ന് വെട്ടിച്ചാൽ ഞാൻ കിടപ്പിലാവും.
എണ്ണൂറ് കിലോയോളം തൂക്കമുള്ള ഈ കാള തന്റെ ബലിഷ്ഠമായതും മൂന്നടിയിൽക്കൂടുതൽ വലിപ്പമുള്ളതുമായ കൊമ്പാൽ ഒന്ന് തട്ടിയാൽ അതുമതി പലതും സംഭവിക്കാൻ.
സ്വന്തം കൊമ്പാൽ ഒന്ന് തലോടിയാൽപ്പോലും ഞാൻ വീഴും.
എന്നെ ഒട്ടും ഭയക്കാതിരുന്ന ആ കാളയുടെ ഉള്ളിലെ പ്രകൃതി എത്ര ശുദ്ധമാണെന്നും അതിനെ ഭയക്കുന്ന എന്നിൽ ആ പ്രകൃതീശ്വരി പൂർണ്ണഭാവത്തിലായിട്ടില്ല എന്നും ഞാൻ കുറ്റബോധത്തോടെ തിരിച്ചറിഞ്ഞു.
ലോകത്തിലെത്തന്നെ ഏറ്റവും പുരാതന ബ്രീഡാണ് ‘കാങ്ക്രജ്’ എന്ന ഈ ഇനം എന്ന്, ഡോക്ടർ ജയറാം ശിവറാം പറഞ്ഞ് ഞാനറിഞ്ഞു.
പതിനായിരത്തിലധികം വർഷം പഴക്കമുള്ള ബ്രീഡ് .
രാജാക്കൻമാർ യുദ്ധങ്ങളിൽ വാഹനമായി ഇതിനെ ഉപയോഗിച്ചിരുന്നു.
ബാഹുബലി സിനിമയിലും നമ്മൾ കാങ്ക്രജിനെ കണ്ടതാണ്.
ഈ വിഭാഗത്തിൽ, ആണിനും പെണ്ണിനും ഒരേ വലിപ്പവും ഒരൊറ്റ രൂപവുമാണത്രേ!
അകിട് കണ്ട് മാത്രമേ ഇത് ആണോ പെണ്ണോ എന്നറിയാൻ പറ്റൂ.
ഒരുപക്ഷേ, ഭൂമിയിലെ ഏറ്റവും ശാന്തമായ ജീവി !
കാങ്ക്രജ് കഴിഞ്ഞാൽ
ലോകത്തിലെ ഏറ്റവും പുരാതന ഇനമായ ; തമിഴ്നാടിന്റെ തനത് ബ്രീഡ് , കാങ്കയവും;
കർണ്ണാടകയുടെ തനത് ബ്രീഡായ ‘ഹള്ളിക്കാർ’ എന്ന ഇനവും മാത്രമാണത്രേ ആണും പെണ്ണും ഒരുപോലിരിക്കുന്ന മറ്റ് ഇനങ്ങൾ !
ഒരുപക്ഷേ കാങ്ക്രജിന്റെ അവാന്തരവിഭാഗങ്ങളായിരിക്കാം കാങ്കയവും ഹള്ളിക്കാറും.
അതായത്,ഏറ്റവും ഭാരവാഹകശേഷിയുള്ളതും എല്ലിന് ഏറ്റവും ബലമുള്ളതുമായ ഇന്ത്യൻ ഇനങ്ങൾ !
ഭാരതത്തിലെ മിക്ക നാടൻ ഇനങ്ങളും ഈ ഗോശാലയിൽ ഉണ്ട്.
ചുവപ്പുസിന്ധി, ബാർകുറ്, പരമക്കുടി ഡ്വാർഫ്, കൃഷ്ണാവാലി, മലനാട് ഗിഡ്ഡ, ഗിർ, ഹരിയാന തുടങ്ങി പല ഇനങ്ങളേയും ഇവിടെ കാണാം.
അഭിഷേകത്തിനായും;
സ്കൂളിലെ കുഞ്ഞുകുട്ടികൾക്ക് കുടിക്കാൻ കൊടുക്കാനായും മാത്രമാണ് ഇവിടെ പാൽ കറന്നെടുക്കുന്നത്.
പശുവിന്റെ പാൽ അതിൻ്റെ കുട്ടിയ്ക്ക് കുടിക്കാനുള്ളതാണ് എന്ന നിയമത്തിലാണ് ഇവിടത്തെ പശുപാലനം.
ഗോശാല തുടങ്ങിയവർ പൊതുവേ പറയുന്ന കാര്യമാണ് കാളകളെ വളർത്താനുള്ള ബുദ്ധിമുട്ട്.
പ്രത്യേക വരുമാനമില്ല എന്നത് ഒരു കാര്യം.
ഇണചേരാനായി ഇവർ പരസ്പരം യുദ്ധംചെയ്യുന്നത് അടുത്ത പ്രശ്നം.
അമിതമായ ശക്തിയിൽ മുക്രയിട്ടുവരുന്ന കാളയെ നിയന്ത്രിക്കാനും പാട്.
ഈ പരാതികൾക്കെല്ലാം ഈശയിൽ പ്രതിവിധിയുണ്ട്.
ജൈവീകത നഷ്ടമായിപ്പോയ മണ്ണിനെ അതിന്റെ സജീവതയിലേയ്ക്കുയർത്താൻ ഏറെ വർഷങ്ങളും;
ലക്ഷങ്ങളുടെ ചെലവും വേണ്ടിവരും.
അതായത്, മണ്ണിന്റെ ജൈവീകതയെ അതിവേഗത്തിൽ തിരിച്ച് കൊണ്ടുവരാൻ കഴിയുന്ന പശുവിൻ്റെ ചാണകത്തിനും മൂത്രത്തിനും ലക്ഷങ്ങൾ വിലമതിക്കും എന്നർത്ഥം.
പ്രണയിക്കാൻ പശുക്കൾ ഏറെയുള്ളതിനാലാണോ അതോ ; ഈ പ്രത്യേകഭൂമിയിൽ സംഘർഷം ഉയരില്ല എന്നതിനാലാണോ എന്നറിയില്ല,
‘ഇവിടെ കാളകൾ പൊതുവേ പ്രശ്നക്കാരല്ല’ എന്ന്, പശുക്കളെ നോക്കുന്നവർ സാക്ഷ്യപ്പെടുത്തുന്നു.
മുഴുത്തതും
ചെറുപ്പമായതുമായ കാളകളെ ,
ഇവിടെ വാഹനം വലിക്കാൻ ഉപയോഗിക്കുന്നു.
ബുള്ളറ്റ് ബൈക്കിൻ്റെ നാല് ചക്രങ്ങൾ പിടിപ്പിച്ചതും
ഈ കാളക്കൂറ്റൻമാർ വലിക്കുന്നതുമായ മനോഹരമായ യാത്രാവണ്ടികൾ ആശ്രമത്തിലുടനീളം യാത്രക്കാരേയുംകൊണ്ട് സഞ്ചരിക്കുന്നത് കാണാം.
അന്തരീക്ഷ മലിനീകരണം പൂജ്യം.
കാളവണ്ടികൾ കഴിഞ്ഞാൽ പിന്നെ, ആശ്രമത്തിനകത്ത് ഓടുന്നത് ഇലക്ട്രിക് വാഹനങ്ങളും സൈക്കിളുകളുമാണ്.
ഞാൻ ചോദിച്ചു;
“പ്രായമായ കാളകളെയും പശുക്കളെയും നിങ്ങൾ എന്താ ചെയ്യുന്നത് ?”
കൂടെ വന്ന വളണ്ടിയർ പറഞ്ഞു;
“പ്രായമായ അച്ഛനേയുമമ്മയേയുമൊക്കെ നോക്കുംപോലെത്തന്നെ നന്നായി നോക്കും ഞങ്ങൾ.”
ബീഫ് കയറ്റുമതിയിൽ ഒന്നാംസ്ഥാനത്തേയ്ക്ക് മത്സരിക്കാൻ ഉദ്ദേശിക്കാത്ത ആശ്രമത്തിൽ നിന്നുകൊണ്ട് ഇത്തരമൊരു ചോദ്യം ചോദിച്ചതിൽ എനിക്ക് നാണം തോന്നി.
ഗോശാല നടത്തിപ്പിന് പുറകിലെ ലക്ഷ്യങ്ങളേക്കുറിച്ച് ഞാൻ ആശ്രമത്തിൽ അന്വേഷിച്ചു.
അവർ നൽകിയ വിവരങ്ങൾ ഇപ്രകാരമാണ്.
1996-ൽ ആണ് ഇവിടെ ഗോശാല ആരംഭിക്കുന്നത്.
സ്വാഭാവികവും തദ്ദേശീയവുമായ നാടൻ ഇനങ്ങളെ സംരക്ഷിക്കുക എന്ന വിശാലമായ ഉദ്ദേശ്യമാണ് ഇതിനു പുറകിൽ.
നാല് പശുക്കളിൽനിന്നും ആരംഭിച്ച ഗോശാലയിൽ, ഇന്ന്, എഴുനൂറ്റി അമ്പതിനടുത്ത് പശുക്കളുണ്ട്.
ഒമ്പത് സംസ്ഥാനങ്ങളിലെ നാടൻ ഇനങ്ങളെ ഇവിടെ വളർത്തുന്നു.
നൂറ്റി ഇരുപത് തനത് ഇനങ്ങൾ ഉണ്ടായിരുന്ന ഭാരതത്തിൽ ഇന്ന് മുപ്പത്തി ഏഴ് ഇനങ്ങൾ മാത്രമാണ് ബാക്കിയായിട്ടുള്ളത്.
നഷ്ടപ്പെട്ടത് നഷ്ടപ്പെട്ടതുതന്നെ.
അതിൽ വിലപിച്ചിരിക്കാതെ, ബാക്കിയായവയെ എങ്ങനെ രക്ഷിച്ചെടുക്കാം എന്നാണ് ആശ്രമം നോക്കുന്നത്.
‘പലജീവികളിലും;
ഇപ്രകാരം, നിലനില്പ് അപകടത്തിലായവർ ഇല്ലേ?’
എന്നതിന്, ആശ്രമം നൽകിയ ഉത്തരം ഇങ്ങനെ.
“മനുഷ്യരുടെ വിചാര,വികാരങ്ങളോട് ഇത്രയും ചേർന്നുനിൽക്കുന്ന മറ്റൊരു ജീവിയില്ല.
നമ്മൾ ദുഃഖിച്ചിരിക്കുമ്പോൾ നമ്മൾക്കായി പശുക്കൾ കണ്ണീരൊഴുക്കും.
നമ്മളുടെ വേദനയ്ക്കൊപ്പം പശുവും വേദനയേറ്റും.
മനുഷ്യകുലത്തിന് പശു എന്ന ജീവി അത്രയേറെ പ്രധാനപ്പെട്ടതാണ്.”
നമ്മളുടെ എല്ലാ ഭാവങ്ങളും ഏറ്റുവാങ്ങി, നമ്മളെ സ്നേഹിച്ചുമാത്രം കഴിഞ്ഞ പശുക്കളുടെ നേരെ ,
അഥവാ, ഒരു നോട്ടമെങ്കിലും നമ്മളുടെ ഭാഗത്തുനിന്നും പിഴച്ചുപോയിട്ടുണ്ടെങ്കിൽ;
ഒരു ജനത, അതിനുള്ള പ്രായശ്ചിത്തമായും പരിഹാരമായും ആഘോഷിക്കുന്നതായിരിക്കും ‘മാട്ടുപ്പൊങ്കൽ’ എന്ന് ഞാൻ ഓർത്തു,
പശുക്കളെ വളർത്താൻ ഒഴിവില്ലാത്തവർക്കും താത്പര്യമില്ലാത്തവർക്കും സ്ഥലസൗകര്യമില്ലാത്തവർക്കുമായി,
പലരും അവരവരാൽ ചെയ്യുന്നപോലെ ഈശയും ചെയ്യുന്നു.
പത്തു തരം ധാന്യങ്ങൾ അടക്കം പത്തൊമ്പതു തരം ജൈവഭക്ഷ്യവസ്തുക്കൾ കലർത്തിയ ഭക്ഷണം നിത്യം രണ്ടു നേരം ഇവർക്ക് നൽകുന്നു.
പുല്ലും വയ്ക്കോലും ആവശ്യത്തിന്.
ശുദ്ധമായ ജലം യഥേഷ്ടം.
ഗോശാലയുടെ മൊത്തം കാര്യങ്ങൾക്കായി ഒരു സ്വാമിയുണ്ട്.
ജോലിക്കാരായി നാല് കുടുംബങ്ങളെ ഇവിടെ പാർപ്പിച്ചിരിക്കുന്നു.
പശുവിന്റെയും കുട്ടികളുടെയും പരിചരണം അവർ നോക്കുമ്പോൾ;
അവരുടെയും അവരുടെ കുട്ടികളുടെയും കാര്യങ്ങൾ ഈശയും നോക്കുന്നു.
എല്ലാ വെള്ളിയാഴ്ചയും ഇവിടെ ഗോപൂജയുണ്ട്.
പൂജാപ്രസാദമായി, പശുക്കൾക്ക് പഴങ്ങൾ കഴിക്കാൻ നൽകുന്നു.
ഇപ്പോഴുള്ള പശുക്കളുടെ എണ്ണമായ എഴുനൂറ്റി അമ്പതിനെ, രണ്ടായിരത്തിലെത്തിക്കുക എന്നതാണ് ഈശയുടെയും സദ്ഗുരുവിൻ്റെയും സ്വപ്നം.
പശുക്കൾ ഈശ്വരതുല്യമാണ് എന്ന് തിരിച്ചറിഞ്ഞവരെ മനസ്സുകൊണ്ട് നമിച്ച്,
ഞാൻ അടുത്ത കാഴ്ചകളിലേയ്ക്ക് നടന്നു.