‘ടോട്ടോച്ചാൻ ജനാലയ്ക്കരികിലെ വികൃതിക്കുട്ടി’
എന്ന പുസ്തകം വായിച്ചതുമുതൽ ഇതുപോലൊരു വിദ്യാലയം തുടങ്ങണം എന്ന ആഗ്രഹത്തിന്റെ വിത്ത് എന്റെ ഉള്ളിൽ വീണു.
ഒരു സ്ക്കൂൾ കൊടുക്കാനുണ്ട് എന്നു കേട്ട്, ഞാൻ ചെന്ന് വില ചോദിച്ച സന്ദർഭവും ഉണ്ടായിട്ടുണ്ട്.
പക്ഷേ, ഒന്നും സംഭവിച്ചില്ല.
പടുമുള മുളച്ച സ്വപ്നങ്ങൾ പതിയെ വാടിയും തളർന്നും പിൻവാങ്ങി.
കാലം കടന്നുപോകെ, മകനെ സ്ക്കൂളിൽ ചേർക്കേണ്ട സമയമായപ്പോൾ, ഞാൻ, ‘എന്റെ ടോട്ടോച്ചാന്’ പറ്റിയ സ്ക്കൂൾ അന്വേഷിച്ച് ഏറെ നടന്നു.
ടൈ കെട്ടാത്ത,
ഷൂ വേണ്ടാത്ത,
ധാരാളം ഒഴിവുസമയമുള്ള,
മരച്ചുവട്ടിലിരുത്തിയൊക്കെ പഠിപ്പിക്കുന്ന…
തുടങ്ങിയ എന്റെ ആഗ്രഹങ്ങളെല്ലാം സ്ക്കൂളിന്റെ പടിവാതിലിൽത്തന്നെ തട്ടിത്തിരിച്ചുവന്നു.
ഒടുവിൽ, ഹതഭാഗ്യരായ അനേകരേപ്പോലെ എന്റെ മോനും;
പുറകേ എന്റെ മോളും പ്രത്യേകിച്ചൊരു പ്രത്യേകതയുമില്ലാത്ത പല പല സ്ക്കൂളുകളിൽ പഠിച്ചിറങ്ങി.
എനിക്കറിയാം എന്റെ വീട്ടിലെ കുട്ടികളുടെ കഴിവിന്റെ ആകാശവലിപ്പം.
പക്ഷേ, സപ്തവർണ്ണക്കിളികളൊന്നും ആ ആകാശത്ത് പറന്നില്ല.
ഇത്രയും പറഞ്ഞത്,
കോയമ്പത്തൂരിലെ ഈശ (ഇഷ എന്ന് പൊതുവേ പറയും) എന്ന ഇടത്തെ സ്ക്കൂളുകൾ ഞാൻ സന്ദർശിച്ചതിനേത്തുടർന്നാണ്.
സദ്ഗുരു ജഗ്ഗി വാസുദേവ് എന്ന ആചാര്യന്റെ സ്വപ്നപദ്ധതികളിലൊന്നാണ്,
ഇവിടത്തെ , ഞാൻ കണ്ട മൂന്ന് തരം വിദ്യാലയങ്ങൾ.
അതിൽ ഒന്ന്, ഗുരുകുല സമ്പ്രദായത്തിലുള്ള സ്ക്കൂൾ ആണ്.
മറ്റൊന്ന്,
ഈ പ്രപഞ്ചത്തിലെ എന്തും പഠിക്കാൻ അവസരം ഒരുക്കിയിട്ടുള്ള മറ്റൊരു തരം സ്ക്കൂൾ ആണ്.
എല്ലാം
വളരെ വിശാലമായ ഭൂമികയിൽ ഒരുക്കിയ ആത്മവിദ്യാലയങ്ങൾ !
നിറയെ മരങ്ങൾ,
വിസ്തൃതമാർന്ന കളിമൈതാനങ്ങൾ,
കളരിപ്പയറ്റ് പഠിക്കുന്ന വിശാലമായ കുഴിക്കളരി,
ഡിജിറ്റലൈസ്‌ഡ് ഓഡിറ്റോറിയങ്ങൾ,
ടർഫ്,
പല നിലകളിൽ ഒരുക്കിയ പടുകൂറ്റൻ ലൈബ്രറി,
കമ്പ്യൂട്ടർ, കെമിസ്ട്രി, ഫിസിക്സ്, ബയോളജി, സുവോളജി,വർക്ക് എക്സ്പീരിയൻസ് ലാബുകൾ,
യോഗാ ഹാൾ
തുടങ്ങി,
ഈ ലോകത്തിലെ, ആധുനികവും സാമ്പ്രദായികവുമായ എല്ലാമെല്ലാം ഒരുക്കിയ വിദ്യാലയങ്ങൾ !
എന്തും പഠിക്കാം.
എവിടെയിരുന്നും പഠിക്കാം.
ഇവിടെ നിർബന്ധമുള്ളത് ഏതാനും കാര്യങ്ങൾക്ക് മാത്രം.
ധരിക്കാൻ പരുത്തിത്തുണികളേ ഉപയോഗിക്കാവൂ.
ഇറുകിയ വസ്ത്രങ്ങൾ ധരിക്കരുത്.
ഭരതനാട്യമോ കളരിപ്പയറ്റോ
ഇതിലൊന്ന് നിർബന്ധമായും പഠിക്കാനായി തിരഞ്ഞെടുക്കണം.
ഈസ്റ്റേൺ അടുക്കള കൂടാതെ, വെസ്റ്റേൺ അടുക്കളയുമുണ്ട് ഇവിടെ !
തത്ക്കാലം ഈ സ്വപ്നലോകത്തെ മറന്ന്,
നമ്മൾക്ക് ഏറെ പരിചയമുള്ള സാധാരണ വിദ്യാലയത്തേപ്പറ്റി പറയാം.
ഈശ (ഇഷ ) യോഗ സെന്ററിൽ ഞാൻ കണ്ടറിഞ്ഞ മൂന്നാമത്തെ തരം വിദ്യാലയം എന്നത് , നമ്മൾ, ‘സാധാരണ സ്ക്കൂൾ’ എന്ന് പറയുന്ന തരത്തിൽ ഉള്ളതാണ്.
പരന്നു വിടർന്നു കിടക്കുന്ന വളപ്പിലെ, ഇടതൂർന്നുനിൽക്കുന്ന മരങ്ങൾക്കിടയിലെ ,
മനോഹരമായൊരുക്കിയ വഴിയിലൂടെ ഞാൻ അകത്തേയ്ക്കു നടന്നു.
ഷോപ്പിങ് കോംപ്ലക്സുകളിൽവരെ വിദ്യാലയം നടത്തുന്ന കാഴ്ചകൾ കണ്ടിട്ടുള്ള എനിക്കിത് വല്ലാത്ത ആനന്ദമേകി.
വീടിനായാലും വിദ്യാലയത്തിനായാലും ഉമ്മറത്തെ വിശാലതയാണ് ,
‘ഈ ഇടം എന്നെ സ്വീകരിക്കുന്നുണ്ട്’ എന്ന തോന്നൽ നമ്മളിലുണ്ടാക്കുന്നത്.
‘ഒരു വാസലില്ലാ വീടും
ഒരു താളമില്ലാ കൂത്തും’
ഒന്നിനും കൊള്ളില്ല എന്ന്, ഇളയരാജ പാടിയത് അതിനാലാണ്.
ക്ലാസ്സ് റൂമുകളോട് അടുത്തപ്പോൾ കണ്ട കാഴ്ച, മരത്തണലിൽ നടക്കുന്ന ക്ലാസ്സുകളാണ് !
വലിയ മുറ്റത്ത്, ഒരേസമയം നാല് ക്ലാസ്സുകൾ പലയിടത്തായി നടക്കുന്നുണ്ട് !
ഇഷ്ടംപോലെ സ്ഥലം കെട്ടിടങ്ങളിൽ ഉണ്ടായിട്ടും
ഇടയ്ക്കോരോ പിരീഡ് മരച്ചുവട്ടിലെത്തുന്ന ടീച്ചറും കുട്ടികളും !
മൊത്തം കുട്ടികളെ നാലായി തിരിച്ച്, അവർക്കായി നാല് തരം യൂണിഫോമുകൾ.
എല്ലാ വരാന്തയിലും സ്റ്റാന്റിലായി, വൃത്തിയിൽ ഒതുക്കിവെച്ച ചെരുപ്പുകൾ.
സ്ക്കൂളിലെത്തിയാൽ ;
കുട്ടികളും അദ്ധ്യാപകരും പ്രകൃതിയിൽനിന്നും നമ്മളെ ഏറെയകറ്റിനിർത്തുന്ന ചെരുപ്പിനെ മറക്കുന്നു എന്നർത്ഥം.
പ്രധാന അദ്ധ്യാപിക സ്ക്കൂൾ മൊത്തം നടന്ന് കാണിച്ചുതരാൻ രണ്ട് കുട്ടികളെ എനിക്കൊപ്പം വിട്ടു.
രണ്ട് ഒമ്പതാം ക്ലാസ്സുകാർ.
അവർ വിവരിച്ചും കണ്ടും കേട്ടും ഞാനറിഞ്ഞ ഏതാനും കാര്യങ്ങൾ കുറിക്കാം.
തെളിഞ്ഞ ഇംഗ്ലീഷിലാണ് ഇവരുടെ സംസാരം.
എല്ലാ ദിവസവും രണ്ട് തരം യോഗകൾ ഇവർ പരിശീലിക്കുന്നുണ്ട്.
സംസ്ഥാന സർക്കാർ നിർദ്ദേശിച്ച പാഠ്യപുസ്തകം കൂടാതെ, ഇവർ വേറെയും കുറേ കാര്യങ്ങൾ ആസ്വദിച്ച് പഠിക്കുന്നുണ്ട്.
രാജ്യത്തിന് ഗുണമുള്ള എന്തെങ്കിലും പദ്ധതിയുടെ ആശയം ആരിലെങ്കിലും ഉദിച്ചാൽ; അത് കേന്ദ്രഗവൺമെന്റിനെ അറിയിക്കാനുള്ള സംവിധാനം സ്ക്കൂൾ ഒരുക്കിയിട്ടുണ്ട്.
എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ; അത്, സ്ക്കൂൾമാനേജ്മെന്റിനെ അറിയിക്കാൻ ലെറ്റർ ബോക്സ് സ്ഥാപിച്ചിട്ടുണ്ട്.
കുട്ടികളുടെ കണ്ടുപിടുത്തങ്ങൾക്ക് അംഗീകാരവും അവാർഡും ഉണ്ട്.
സോഫ്റ്റ് വെയർ ഡെവലപ്പ്മെന്റ് എന്നതിനൊപ്പം
ഇവർ, സംഘകാലകൃതികളായ അകം കവിതകളും നിരണം കൃതിയും അകനാനൂറും പുറനാനൂറും തിരുക്കുറലും ചിലപ്പതികാരവുമൊക്കെ പഠിക്കുന്നുണ്ട്.
ഭാരതത്തിലെ എല്ലാ ഉത്സവങ്ങളും ഇവർ ഇവിടെ ആഘോഷിക്കുന്നുണ്ട്.
അതായത്,
ഹോളി, ദീപാവലി, ശിവരാത്രി, ബക്രീദ്, പെരുന്നാൾ, ക്രിസ്തുമസ് തുടങ്ങി എല്ലാം ഇവിടെ കുട്ടികൾക്കുള്ള ഉത്സവമാണ്.
ഇനി,
സ്ക്കൂൾമാനേജ്മെന്റിൽനിന്നും
എന്റെ സ്വന്തം ഗവേഷണങ്ങളിൽനിന്നും അറിഞ്ഞവ പറയാം.
ഇവിടെയുള്ള മുപ്പത് ശതമാനത്തിലേറെ കുട്ടികൾ തൊട്ടടുത്തുള്ള വിവിധ ഊരുകളിലെ ആദിവാസികളാണ്.
അറുപതുമുതൽ എഴുപതു ശതമാനം വരെയുള്ള കുട്ടികൾ സ്കോളർഷിപ്പോടെയാണ് പഠിക്കുന്നത്.
അതായത്,
വസ്ത്രം, ഭക്ഷണം തൊട്ട്, എല്ലാം സൗജന്യം.
ഒരു കുട്ടിയുടെ ഒരുനേരത്തെ ചെലവുതൊട്ട് എന്തും ആർക്കും സ്പോൺസർ ചെയ്യാം.
എല്ലാ പണമിടപാടും അക്കൗണ്ടിലൂടെ മാത്രം.
ഇവിടെ ജോലി ചെയ്യുന്നവരിൽ പരമാവധി പേരെ ചുറ്റുമുള്ള ഗ്രാമങ്ങളിൽനിന്നുതന്നെയാണ് എടുത്തിരിക്കുന്നത്.
ഇവിടെ പഠിക്കുന്ന ആദിവാസിക്കുട്ടികളിൽ എല്ലാവരും ആ കുടുംബത്തിൽനിന്നും ആദ്യമായി സ്ക്കൂളിൽ പോയിത്തുടങ്ങിയവർ ആണ് !
ഏറെ പ്രേരിപ്പിച്ചതിനേത്തുടർന്ന്, രണ്ടു ദിവസം സ്ക്കൂളിൽ വന്ന കുട്ടികളെ,
പിന്നീട് രക്ഷിതാക്കൾ വിടാതാകുമ്പോൾ;
രക്ഷിതാക്കളെ വീട്ടിൽ ചെന്നു കണ്ട്, സ്ക്കൂളിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്ന്, സ്ക്കൂളിൽ കുട്ടികളെല്ലാം എത്ര സന്തോഷത്തിലാണ് എന്ന് കാണിച്ച് ബോദ്ധ്യപ്പെടുത്തിയശേഷം, അവർ വീണ്ടും കുട്ടികളെ സ്ക്കൂളിലേയ്ക്കയയ്ക്കൽ പുനരാരംഭിച്ച കഥകൾ ഏറെ.
വിശേഷങ്ങൾ വിസ്തരിക്കുന്നില്ല.
സംശയമുള്ളവർക്ക് ഈശ യോഗ സെന്റർ നേരിട്ട് സന്ദർശിക്കാം.
ഇവിടെ നടക്കുന്ന സ്ക്കൂളുകളേക്കുറിച്ച് അന്വേഷിക്കാം.
വിദ്യാലയവും സന്ദർശിച്ച് ബോദ്ധ്യപ്പെടാം.
‘ശിവ വിഗ്രഹത്തിലെ ലൈറ്റ് ആന്റ് സൗണ്ട് മായാജാലം’ ഇവിടത്തെ ഒരു ചെറിയ ഭാഗം മാത്രമാണ്.
മുകളിൽ പറഞ്ഞതെല്ലാം ഒരു പി. ആർ വർക്കിന്റെ ഭാഗമായി ആർക്കും പറയാവുന്നതാണ്;
ആരേക്കൊണ്ടും പറയിക്കാവുന്നതുമാണ്.
എന്നാൽ, ഞാൻ ഈ വിദ്യാലയത്തിലൂടെ നടക്കുമ്പോൾ ഊണ് കഴിക്കാൻ പോകുന്ന കുട്ടികൾ എന്നെ നോക്കി ചിരിച്ച് തൊഴുത ആ ഭാവങ്ങൾ എൻ്റെ ഹൃദയത്തിലുണ്ട്.
എന്തൊരു സന്തോഷമാണ് ആ കുഞ്ഞിക്കണ്ണുകളിൽ !
ഇവർ ഈ വിദ്യാഭ്യാസരീതിയിൽ തൃപ്തരല്ലെങ്കിൽ;
അത് ആ നിഷ്ക്കളങ്കമായ കണ്ണുകളിൽ അറിയാനാകും.
എത്രയൊക്കെ കള്ളം പറഞ്ഞാലും;
ആരേക്കൊണ്ടൊക്കെ കള്ളം പറയിച്ചാലും കൊച്ചുകുട്ടികളുടെ കണ്ണുകൾ സത്യമേ പറയൂ എന്നതിനാൽ;
കേട്ടതിനപ്പുറം ഞാൻ,
ഈ കണ്ട കാഴ്ചകളെ എടുക്കുന്നു.
മനോഹരമാണിവിടം.
ഇത്തരം ഒമ്പത് റൂറൽ വിദ്യാലയങ്ങളാണ് തമിഴ് നാട്ടിലും ആന്ധ്രയിലുമായി ഈശ നടത്തുന്നത്.
പ്രാദേശികരായ അയ്യായിരത്തി അഞ്ഞൂറോളം സാധാരണ കുട്ടികളെ ജ്ഞാനത്തിന്റെ ആനന്ദത്തിലേയ്ക്കുയർത്തിക്കൊണ്ട്, അവ , ദൈവീക ഇടങ്ങളായി മാറിയിരിക്കുന്നു.
ഞാൻ എന്റെ മക്കൾക്കായി തേടിനടന്ന ടോട്ടോച്ചാന്റെ ‘റ്റോമോ’ എന്ന വിദ്യാലയമാണ് കണ്ടുമുട്ടിയത് എന്നെനിക്ക് തോന്നി.
ലോകത്തിലെ എല്ലാ കുട്ടികളും എന്റെ കുട്ടികളെന്ന് തിരിച്ചറിഞ്ഞ
‘കൊബായാഷിമാഷാ’യിനിന്ന് നടത്തിയെടുക്കുന്ന സദ്ഗുരുവിന്റെ പദ്ധതികളെ ഞാൻ കണ്ണും മനസ്സും നിറച്ച് കണ്ടു.
(ഈശാ വിശേഷങ്ങൾ തുടരും …..)
ജയരാജ് മിത്ര
www.jayarajmithra.com