മിട്ടായിക്കവറിന്റെ പ്ലാസ്റ്റിക് പോലും ഇല്ലാത്ത ഒരു ഗ്രാമം സങ്കൽപിക്കാൻ പറ്റുമോ ?
ആയിരത്തോളം നാടൻപശുക്കളേയും അവയുടെ, കൂറ്റൻ കാളകളേയും മൂക്കുകയറിടാതെ സ്വതന്ത്രമായി മേഞ്ഞുനടക്കാൻ വിട്ട് വളർത്തുന്ന ഒരു ഗോശാല സങ്കൽപ്പിക്കാൻ പറ്റുമോ ?
ഒരു ഗ്രാമത്തിലെ അന്തേവാസികളെല്ലാം ഇളംചിരിയോടെ മാത്രം കാണപ്പെടുന്നതോ ?
പരാതികളില്ലാതെ,
പരിഭവം പറയാതെ,
തർക്കങ്ങളില്ലാതെ,
ജാതി,മത,രാഷ്ട്രീയ ചിന്തകളാൽ കലുഷമാകാതെ,
‘എന്റെ നാട്, എന്റെ ഭൂമി’ എന്ന വിശാലമായ സങ്കല്പത്തിൽ മനുഷ്യർ
ആനന്ദത്തോടെ കഴിയുന്ന ഒരിടത്ത് ഞാൻ അപ്രതീക്ഷിതമായി എത്തിപ്പെട്ടു.
ഇവിടെ, ഭാരതത്തിലെ മിക്ക സംസ്ഥാനത്തുനിന്നുള്ളവരും ഉണ്ട്.
ധാരാളം വിദേശികളും ഉണ്ട്.
ചെയ്ൻ അഴിഞ്ഞ സൈക്കിൾ ശരിയാക്കുന്നപോലെ,
തിരിയാതായ വണ്ടിച്ചക്രങ്ങൾ ഗ്രീസിട്ട് ശരിയാക്കിയെടുക്കുംപോലെ പലപല കാരണങ്ങളാൽ കൃത്യമായി പ്രവർത്തിക്കാൻ പറ്റാതായിപ്പോയ നമ്മളെ,
ഇന്നർ എഞ്ചിനീയറിങ്ങിലൂടെ ശരിയാക്കിയെടുക്കുന്ന ഒരിടം !
അകത്തെ പ്രകൃതി ശുദ്ധമാവണമെങ്കിൽ പുറത്തെ പ്രകൃതിയും ശുദ്ധമായേ തീരൂ എന്ന് തിരിച്ചറിഞ്ഞ ഒരു ഗുരുവിന്റെ ;
ജൻമങ്ങൾ നീണ്ട ദീർഘവീക്ഷണത്തിൽനിന്നും മുപ്പത് വർഷം മുൻപ് തുടങ്ങിവെച്ച സംരംഭമാണ്,
കോയമ്പത്തൂരിലെ ‘ഇഷ യോഗാ സെന്റർ’ എന്ന സംഭവം.
ഇവിടെ അണ്ണാനും കിളികളും മയിലുമൊക്കെ , നമ്മളെ തൊട്ടുതൊട്ടില്ല എന്ന മട്ടിൽ അടുത്തുവരും!
അന്തരീക്ഷ മലിനീകരണം ഒട്ടുമില്ലാത്ത ഇരുനൂറോളം ഏക്കർ സ്ഥലം!
ഓരോ മരവും ചെടിയും സ്വയം പറയുന്നു;
‘പൂക്കൾ ഞങ്ങളുടെ ചിരിയാണ്.
നിങ്ങളേപ്പോലെ ഞങ്ങളും ഇവിടെ ആനന്ദത്തിലാണ്.’
മദ്യം, മതം, മയക്കുമരുന്ന്, കക്ഷിരാഷ്ട്രീയം, തീവ്രദേശീയത, യുദ്ധം തുടങ്ങിയവയൊന്നും ഇല്ലാതെയും മനുഷ്യന് സുഖമായി വസിക്കാം എന്ന് നമ്മളെ പഠിപ്പിക്കുന്ന ഇടം.
എന്നിലുണർന്ന അത്ഭുതം, എന്നെ , ഇതെഴുതുമ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല.
കാരണം,
ഇവിടെ കണ്ടതും തൊട്ടതും അനുഭവിച്ചതുമെല്ലാം
കാലങ്ങളായി ഞാൻ താലോലിച്ച എന്റെ സ്വപ്നങ്ങൾതന്നെയായിരുന്നു.
‘നടപ്പാക്കാൻ കഴിയാത്ത ഭ്രാന്തൻ ചിന്തകൾ’ എന്ന് ഞാൻ കരുതിയവയെ നടത്തിക്കാണിച്ചിരിക്കുന്നു സദ്ഗുരു !
ഞാൻ തേടിയലഞ്ഞ അലച്ചിലിന് , ഈ ഭൂമിയിൽ ഒരു പ്രതിവിധി ഒരാചാര്യൻ കണ്ടെത്തുകയും നടപ്പാക്കുകയും ചെയ്തിട്ടുണ്ട് എന്ന ആനന്ദത്തിലാണ് ഞാൻ.
ഇന്നും നേരിട്ട് കണ്ടിട്ടില്ലാത്ത
ആ ആചാര്യനെ ഞാൻ സാഷ്ടാംഗം നമസ്ക്കരിക്കുന്നു.
തുമ്പിയേക്കൊണ്ട് കല്ലെടുപ്പിക്കുന്ന വികലമായ വിദ്യാഭ്യാസരീതിയേക്കുറിച്ചും
കണ്ണും കരളും ചൂഴ്ന്ന് അവസാനിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിയേക്കുറിച്ചും
ജൈവീകത നഷ്ടമായ കൃഷിരീതികളേക്കുറിച്ചും
കർഷകരുടെ നോവു ചീറ്റുന്ന സങ്കടങ്ങളേക്കുറിച്ചും
നെഞ്ചുവിണ്ട പുഴകളേക്കുറിച്ചും
ആത്മാവ് നഷ്ടമായ കലകളേക്കുറിച്ചും
ജീവിതത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാരള്യത്തേക്കുറിച്ചും
രാജ്യത്തിന്റെ ഭാവിയേക്കുറിച്ചും
ജനതയുടെ ആരോഗ്യത്തേക്കുറിച്ചും
ബലം നഷ്ടപ്പെട്ടുപോകുന്ന ബാല്യങ്ങളേക്കുറിച്ചും
കൊന്നുതള്ളുന്ന ഗോക്കളേക്കുറിച്ചും
എന്നേപ്പോലെത്തന്നെ ആരൊക്കെയോ ഓർത്തോർത്ത് വേവുന്നുണ്ട് എന്നെനിക്കറിയാം.
അവർക്കായി, പ്രതീക്ഷയുടെ ഈ നിറനിലാവെളിച്ചത്തേപ്പറ്റി എനിക്കറിഞ്ഞത് മുഴുവൻ ഞാൻ ഇവിടെ കുറേശ്ശക്കുറേശ്ശെയായി പറയാം.
(ഇഷാവിശേഷങ്ങൾ തുടരും. )
ജയരാജ് മിത്ര
PC: internet