ചില കാലം അങ്ങനെയാണ്.
ഒഴുക്കെല്ലാം നിലച്ച്,
‘ഇനി നീയെന്തുചെയ്യും നിന്റെ ഈ അഹന്തയും കൊണ്ട്?!’
എന്നൊരു ചോദ്യമുണ്ട്.
ഓരോ മരണവീട്ടിലും ചെന്നുനിൽക്കുന്ന സമയങ്ങളിൽ, ചുറ്റും നോക്കുമ്പോൾ കാണുന്നത്,
‘ഞാൻ മരിച്ചിട്ടില്ല’ എന്ന ആശ്വാസങ്ങളെയാണ്.
‘ഞാൻ മരിക്കില്ല’ എന്ന ഉറച്ച വിശ്വാസമാണ് അവിടെയുള്ള ഓരോരുത്തർക്കും.
ആ ഉറപ്പിലാണ്, ഉടുത്ത മുണ്ടോടെ ഓടിവന്ന്, വാഴച്ചോട്ടിൽ കൂട്ടം കൂടി നിൽക്കുന്നത്.
‘ഇത്രയൊക്കെയേ ഉള്ളൂ മനുഷ്യന്റെ കാര്യം!’ എന്ന്, പരസ്പരം തത്വചിന്ത പങ്കുവെയ്ക്കുമ്പോഴും;
‘ഞാൻ’, ‘ഇത്രയൊക്കെ മാത്ര’മല്ലാത്ത കുറച്ച് മുന്തിയ മനുഷ്യനാണ്!
എന്ന്, ഓരോരുത്തരും വിശ്വസിക്കുന്നുണ്ട്.
‘ഞാൻ ഇങ്ങനെയൊന്നും പെട്ടെന്നങ്ങ് ഇറങ്ങിപ്പോകുന്നവനല്ല’ എന്ന ഈ ഉറച്ച വിശ്വാസമാണ് മരണവീട്ടിൽ ഒത്തുകൂടുന്ന ഓരോരുത്തർക്കും ഉള്ളത്.
ചത്തു മലച്ച്, മരവിച്ച് കിടക്കുന്നവനെ,
ഇപ്പോഴും പയറ്പയറ് പോലെ നടക്കുന്ന എന്നോട് താരതമ്യം ചെയ്ത്, ‘ഞാൻ ജീവിച്ചുതന്നെയിരിക്കുന്നു!’ എന്ന്, സ്വയം അടയാളപ്പെടുത്തുന്ന ഇടങ്ങളാണ് മരണവീടുകൾ.
എന്നാൽ,
ഈ ആത്മവിശ്വാസത്തിന്റെ കോട്ടയായ സഹ്യപർവ്വതവും കടന്ന്, ഒരുനാൾ ചുഴലി വീശിയപ്പോൾ, ഓരോരുത്തരും ഒന്ന് പകച്ചുനിന്നു.
കോവിഡ് പടരുന്നു.
ഓരോ ദിവസവും കണക്കുകളുടെ പെരുക്കത്തിൽ എല്ലാവർക്കും ബോദ്ധ്യമായി;
എവിടെ ഒളിച്ചാലും അവൻ നമ്മെയും പിടികൂടും എന്ന്.
സ്വയം, മരിക്കാൻ ഭയമില്ലാത്തവർപോലും;
കൂടെയുണ്ടായിരുന്നവർ ഒന്നൊന്നായി കണക്കിൽ കയറിയപ്പോൾ ശരിക്കും തളർന്നുപോയി.
മരുന്നിനോ മന്ത്രത്തിനോ ; പേരിട്ടുവിളിച്ച ദൈവങ്ങൾക്കോ ഒന്നുംതന്നെ ചെയ്യാനില്ല എന്ന് നമ്മളറിഞ്ഞു.
ഇത്തിരി ശ്വാസം എന്നത് ഒത്തിരിയൊത്തിരി ആശ്വാസമാണെന്നും നമ്മളന്ന് തിരിച്ചറിഞ്ഞു.
ഓരോ ഫോൺ വിളിയും പേടിയോടെ കൈവിറച്ചെടുത്തു.
“ശങ്കരേട്ടൻ പോയി.
പ്രോട്ടോക്കോൾ ഉണ്ട്.
വരാൻ ശ്രമിയ്ക്കണ്ട.”
“നമ്മടെ അച്ഛൻ ദാ ഇപ്പൊ പോയി ഏട്ടാ…
വരാൻ നിക്കണ്ട. കാണാൻകൂടി പറ്റില്ല. “
“ന്റെ മോൻ പോയി അമ്മേ…”
കരച്ചിലുകൾ ദേശദേശങ്ങളിൽ കടലായിരച്ചു.
ആശ്വസിക്കാൻ ഒന്നുമില്ല.
ആശ്വസിപ്പിക്കാനുമില്ലാരും.
ഒരു സമൂഹത്തെ മൊത്തം കൊന്നുതള്ളാനാണ് മൃത്യു നൃത്തവേദിയിലിറങ്ങിയിരിക്കുന്നത്.
ചാരുകേശി നടനമാടുന്ന ചിലമ്പൊച്ച എങ്ങും കേൾക്കാം.
“ജനപദധ്വംസക രോഗങ്ങൾ എന്നറിയപ്പെട്ട പകർച്ചവ്യാധികൾ വരുമ്പോൾ,
ഓടിപ്പോയി മരുന്നുണ്ടാക്കിയിട്ട് കാര്യമില്ല.
കാരണം, നിങ്ങൾ തൊടുന്നതും തേടുന്നതുമായ ഔഷധങ്ങൾ പോലും പ്രകൃതിയിൽ വിഷരൂപമാർന്നുനിൽക്കുന്ന സമയമായിരിക്കുമത്.
അക്കാലത്തുണ്ടാക്കുന്ന മരുന്നുകൾ പോലും തിരിച്ചടിക്കും.
ഇത്തരമൊരു രോഗം സംഭവിക്കാൻ പോകുന്നതിനെ, ഈച്ചയും മൂട്ടയും കൊതുകും പാമ്പും പഴുതാരയും തേളും സ്വയം പെരുകിക്കാട്ടി,
നമ്മൾക്ക് സൂചന തരും.
ഈ സൂചനയറിയുന്ന ഗുരു, ശിഷ്യരോട് ,
വേഗം മരുന്ന് പറിച്ച് ഔഷധമുണ്ടാക്കി, കേടുവരാതിരിയ്ക്കാൻ, വായു കടക്കാത്ത പാത്രങ്ങളിൽ കരുതിവെയ്ക്കാൻ പറയും.”
നിർമ്മലാനന്ദ സ്വാമി എന്നോ പറഞ്ഞ ഈ ദർശനം, ഓർമ്മകളുടെ ഫോൾഡർ തുറന്ന്, എന്നെ , കോവിഡ് കാലത്ത് പിടികൂടി.
“കുളങ്ങളും പാടങ്ങളും;
അതിൽ വസിക്കുന്ന ജീവികൾക്ക് ഓടി രക്ഷപ്പെടാൻ ഒരു അവസരം പോലും കൊടുക്കാതെ, ചുറ്റുനിന്നും തൂർത്ത്,
ശ്വാസംമുട്ടിച്ച് നിങ്ങൾ കൊന്ന
ആ ജീവികളുടെ ശാപം നിങ്ങളെ ബാധിക്കാൻ അധികകാലമൊന്നും വേണ്ടിവരില്ല.
ഒരിറ്റ് ശ്വാസത്തിനായി നിങ്ങൾ നെട്ടോട്ടമോടും.”
സ്വാമിജി പ്രവചനമായി എന്നോ പറഞ്ഞുവെച്ചത് ചുറ്റും മുഴങ്ങുന്നു.
ശ്വാസംവലിയ്ക്കലാണ് ഏറ്റവും വലിയ കാര്യം എന്ന് ലോകം തിരിച്ചറിയുന്നു!
എനിക്ക് മരിക്കണമെന്ന് തോന്നി.
അമ്മ യാത്രയായി.
അമ്മയ്ക്കൊപ്പം എനിക്കും പോണമെന്ന് തോന്നി.
ശ്വാസം കിട്ടുന്നില്ല.
ഓക്സീമീറ്ററിലെ രക്താക്ഷരങ്ങൾ എൺപതിലേയ്ക്ക് താഴുന്നു.
എനിക്ക്, ഭ്രാന്തോളമെത്തിയ ചിരി പടർന്നു.
ഞാൻ ഓക്സീമീറ്റർ മാറ്റി വെച്ചു.
ഇനി ആരോടുമൊന്നും പറയാനില്ല.
പ്രാർത്ഥിച്ച് കിടക്കാൻ തീരുമാനിച്ചു.
എന്നെ എന്തായാലും ആശുപത്രിക്കാർക്ക് തിന്നാൻ കൊടുക്കേണ്ടതില്ല.
ഇതെന്റെ തീരുമാനമാണ്.
മരണം എനിക്ക് മോക്ഷമാണ്.
“ഇത്തരം കാലങ്ങൾക്കുതകുന്ന ഔഷധങ്ങൾ, നേരത്തേ ഉണ്ടാക്കി വെയ്ക്കണം.”
സ്വാമിജിയുടെ ശബ്ദം ഉള്ളിൽ തുടിച്ചതിനൊപ്പം;
മിന്നായം പോലെ, മനസ്സിൽ ആ പാട്ട് മിന്നി.
നമ്മൾ പേരിട്ടുവിളിച്ച ദൈവങ്ങളെല്ലാം തോറ്റു പിൻമാറുമ്പോഴും;
ശാന്തമായി ചൊല്ലാവുന്ന പ്രാർത്ഥന, സംഗീതവൈദ്യൻമാർ പണ്ടേ തയ്യാറാക്കി വെച്ചിട്ടുണ്ട്!
പി ഭാസ്ക്കരൻ എഴുതിയ പാട്ട്.
1972 -ൽ ഇറങ്ങിയ,
‘സ്നേഹദീപമേ മിഴിതുറക്കൂ’ എന്ന ചിത്രത്തിലെ ഗാനം.
‘ലോകം മുഴുവൻ സുഖം പകരാനായ് സ്നേഹദീപമേ മിഴിതുറക്കൂ ……’
സംഗീത സംവിധായകനോട്
പി. ഭാസ്ക്കരൻ പറഞ്ഞത്,
‘നിന്നും ഇരുന്നും കിടന്നും പ്രാർത്ഥിക്കാവുന്ന ഒരു പാട്ടാക്കണം ഈ വരികളെ’ എന്നത്രേ.
ഞാൻ കിടന്നുകൊണ്ട് മൂളാൻ ശ്രമിച്ചു.
ഒന്നു മൂളാൻപോലും ശ്വാസകോശത്തിൽ വായു അവശേഷിച്ചിട്ടില്ല എന്നറിഞ്ഞു.
കഷ്ടപ്പെട്ട്, മൊബൈലിൽ വിരലാൽ എഴുതി.
പാട്ട്, കണ്ണിലൂടെ കണ്ണീരായും ഒഴുകിവന്നു.
ഈ ഗാനമിറങ്ങി ശ്രദ്ധിക്കപ്പെട്ട്,
കാലങ്ങൾ കടന്നുപോയതാണ്.
വീണ്ടും നാൽപ്പത്തിയെട്ട് വർഷങ്ങൾക്കുശേഷം കേരളത്തിലെ, ശ്വാസമവശേഷിച്ച ഏവരും ;
ജാതി – മത – ദൈവ – വർണ്ണ – ആൺ-പെൺഭേദമെന്യേ വീണ്ടും വീണ്ടും ഏറ്റുപാടി ഈ പാട്ട് !
പറയാൻ ഏറെയുണ്ടെങ്കിലും;
‘പുകഴേന്തി’ എന്ന സംഗീത സംവിധായകനേക്കുറിച്ച് ഇത്രമാത്രം പറഞ്ഞ്,
ആ ഓർമ്മകളിൽ നമസ്ക്കരിക്കുന്നു.
(പുകഴേന്തി എന്ന ടി.കെ വേലപ്പൻ നായർ.
ജനനം:27-09-1929
മരണം :27-02-2005 )