അക്ഷരങ്ങളിലൂടെ മാത്രം എന്നെ കാണുക
Jayaraj Mithra
വിഭാഗങ്ങൾ
കളിയാട്ടം
December 22, 2024 21 No Comments

വൃശ്ചികക്കാറ്റിന് അവരോഹണമായി.
മാവിനൊപ്പം മഞ്ഞും പൂത്തുനിൽക്കുന്ന ധനുമാസം.

‘എപ്പഴാ രസമായി ഒന്നിരിക്കുക?’
എന്ന ;
പല പല ചോദ്യങ്ങൾക്ക്,
പലരും,
കഴിഞ്ഞ ഒരാണ്ടിൽ പറഞ്ഞ ഉത്തരം ഇതുതന്നെയായിരിക്കും.
“കളിയാട്ടത്തിന് വരില്ലേ?
അവിടെ കാണാം.”

ജനിച്ചനാൾ ഓർമ്മയില്ല!
വിവാഹവാർഷികദിനം ഓർമ്മയില്ല!
പക്ഷേ, ധനുപ്പത്ത്……..
ആ ലഹരിരാവ് ഒരുവട്ടമെങ്കിലും നുകർന്ന ഏവർക്കും എന്തൊരോർമ്മ !

ധനുപ്പത്ത്……
ഓർമ്മകളിൽ കാളിയുറയുന്ന നാൾ.

ഒരാണ്ടവൾ,
ഹൃദയപീഠത്തിൽ,
പല വേഷത്തിൽ,
പല മുദ്രകളിൽ,
പല ഭാവത്തിൽ
കളിച്ചും ചിരിച്ചും ഇരുന്നു.
‘നീ തരുന്നതെന്തും നേദ്യമല്ലേയെനിക്ക്…..!’
എന്നവൾ ചിരിച്ചപ്പോൾ,
അരമണിയും ചിലമ്പും അവൾക്കൊപ്പം ചേർന്നുചിരിച്ചു.

ചില രാത്രിയിലെ ഉൻമാദയാമങ്ങളിൽ
പാല പൂത്തതു കാണാനും
പാരിജാതം ചൂടാനും
അവളിറങ്ങിപ്പോയി.

തുലാത്തിൽ നാറാണത്തിനൊപ്പം രായിരനെല്ലൂർമലയിൽ അവൾ തർക്കനൃത്തമാടി.

‘എനിക്കോ നിനക്കോ കണ്ണനോ കാളിമയേറെ’യെന്ന്
പൂത്തുനിന്ന കാശാവിനോടവൾ പായാരമോതി.

കല്പ്പാത്തി രഥോത്സവം കണ്ടിറങ്ങിയ അവൾ
ഭാരതപ്പുഴയിലൂടെ
പിന്നെ ഒരു വരവായിരുന്നു !

“ആ ഭ്രാന്തന്റെ ചൂടും ചിരിയും കത്തിനിൽക്കുന്ന ചുടലയെവിടെ….!
എന്നെപ്പേടിക്കാത്ത ആ ഉണ്ണിയുടെ പിൻമുറക്കാരായ പ്രാന്തനുണ്ണികളെവിടെ…..!
ഊണും ഉറക്കവും വേണ്ടെന്നുവെച്ച അവരൊത്ത്
എനിക്ക് നൃത്തമാടണം…..”
എന്ന്,
ചിരിച്ചിളകി അവൾ വന്നു കയറിയത് പാമ്പാടിയിലെ മഹാശ്മശാനത്തിൽ.

ചുടലയിലെത്താനുള്ള അവളുടെ തിരക്ക്
ദേഹത്ത്
തിരയായുറഞ്ഞുറഞ്ഞ് വരുമ്പോൾ
അരമണിയും അവൾക്കൊപ്പം പൊട്ടിച്ചിരിച്ചു.
ചിലമ്പോട് കിലുങ്ങി, ഇടിമുഴക്കമായി.

ചുടലക്കളത്തിൽ നേരത്തേ പോയവരെല്ലാം
ധനുമാസരാവിൽ ഉയിർത്തെഴുന്നേറ്റ്,
പ്രാണന്റെ പൂർണ്ണതാളമായ അവൾക്കൊപ്പം നൃത്തമാടി.

അപ്പനപ്പൂപ്പൻമാർതൊട്ട്
അമ്മേ എന്നും
എടിയേ എന്നും
തള്ളേ എന്നും
മോളേ എന്നും
വിളിച്ച
പൂർവ്വികർ
അവരുടെ
സ്വന്തം കാളിക്കൊപ്പം നൃത്തമാടുന്നത് കണ്ട്,
ജീവിച്ചിരിക്കുന്ന പേരക്കുട്ടികൾ ആഹ്ളാദചിത്തരായി.

“രാത്രി
മഞ്ഞും കൊണ്ട്,
ഉറക്കൂം കളഞ്ഞ് ,
ഇവിടെ ഈ ചുടലയിൽ കുത്തിമറിയാൻ പ്രാന്തുണ്ടോ!?”
എന്ന്,
സ്വയം ചോദിച്ചും
പരസ്പരം ചോദ്യം പങ്കുവെച്ചും
ഏവരും
തെളിച്ചമേറെയുള്ള സ്വന്തം പ്രാന്ത്
നിലാവ് മൂക്കുവോളം ആസ്വദിച്ചു.

‘എന്റെ പ്രാന്തൊക്കെ എന്ത് പ്രാന്ത്!’
എന്ന ഊറിച്ചിരിയോടെ,
നാറാണത്ത് പ്രാന്തനും
ശ്മശാനമുറ്റത്തെ പ്രാന്തിന്റെ തിടപ്പള്ളിയിൽ ഭാണ്ഡമിറക്കിവെച്ച്,
കളി കണ്ടിരുന്നു.

“പരിവാരങ്ങൾക്കൊപ്പമുള്ള പതിവുള്ള കളി മുടക്കണ്ട.
ചുടലയിലെ ഈ രാത്രിയിലെ ഇരിപ്പും കിടപ്പും തത്ക്കാലം ഞാനും മുടക്കാൻ ഉദ്ദേശിക്കുന്നില്ല”
എന്ന് ;
ആ അവധൂതൻ,
പന്തിരുകുലക്കാലത്ത് പറഞ്ഞത്
കളിയാട്ടദിനത്തിൽ
ഭ്രാന്തന്റെ പേരക്കുട്ടികൾ ഏറ്റുപറഞ്ഞു.

ആ തോൽവിയിൽ
ലഹരി പൂണ്ട കാളി,
നടനവേദിയിൽ,
ചാരം വാരിയെറിഞ്ഞും
തീമാലയണിഞ്ഞും നൃത്തമേറ്റു.

‘ധനുപ്പത്തിന്
തിരുവില്വാമലയിൽ,
ശ്മശാനത്തിൽവെച്ച് കാണാം ട്ടോ.’

ഞാനും പലരോടും പറഞ്ഞിട്ടുണ്ട്.

Photo credit-Jyothi Thekkinkattil (fotografo)

Leave a Comment

Share This Post
Post Author
Post Author
ജയരാജ് മിത്ര മലയാളം എഴുത്തുകാരനാണ്. സാഹിത്യരംഗവും സിനിമാരംഗവും പ്രധാന പ്രവർത്തനമേഖലകൾ. തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത് കൊങ്കൺ റെയിൽവേയിൽ ലോക്കോ പൈലറ്റ് ആയിട്ടാണ്. ഇത്, പല സ്ഥലത്തും യാത്ര ചെയ്യാനും പലതരം അനുഭവങ്ങൾ സ്വായത്തമാക്കാനുംമാത്രം ഉപയോഗിച്ച്, ഈ ജോലി ഉപേക്ഷിച്ച്, ആകാശവാണിയിലും എഫ് എം റേഡിയോയിലും ടെലിവിഷൻ ചാനലിലുമെല്ലാം ജോലി ചെയ്തശേഷം; മുഴുവൻ-സമയ സാഹിത്യ-സിനിമാ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്.