“പ്രിയതരമാമൊരു സ്വപ്നമുറങ്ങി
ഇനിയുണരാതെയുറങ്ങി…
ഇവിടേ ഇവിടേ വെറുതെയിരുന്നെൻ ഓർമ്മകളിന്നും പാടുന്നു
ഓരോ കഥകൾ പറയുന്നു…”
എം ബി ശ്രീനിവാസന്റെ, ‘ചെമ്പക പുഷ്പ സുവാസിതയാമം’ എന്ന പാട്ടിലെ വരികളാണ്.
എഴുതിയ ഓ എൻ വിയാണോ
പാടിയ യേശുദാസാണോ;
പാകത്തിന് വേദന പുരട്ടി ഈണമേകിയ എം ബി എസ് ആണോ പാട്ടിലൂടെ നമ്മളെ ‘സങ്കടപ്പുഴ നടുവിലാക്കുന്നത്’ എന്ന് പിടികിട്ടാത്ത കാലം.
പ്രണയം ചുറ്റും തളിരുകൾ കൊണ്ട് കടലാസ് വിടർത്തുമ്പോൾ,
അതിനിടയ്ക്കൊരു പൂവ് പ്രണയലിഖിതത്തിൻ പൊൻ ലിപിയായി മാറുന്ന കാഴ്ച,
ഓ എൻ വി നമ്മൾക്ക് ചൂണ്ടിക്കാണിച്ചത്,
അത്രയേറെ സൂക്ഷ്മമായി നമ്മളിലേയ്ക്ക് പകർന്നത് എം ബി ശ്രീനിവാസനാണ്.
( ‘മിഴികളിൽ നിറകതിരായി’ എന്ന പാട്ടിലെ, ‘തളിരുകൾക്കിടയിലെ പൂക്കൾ പ്രേമലിഖിതത്തിൻ പൊൻ ലിപിയായി.’ )
എവിടെയെല്ലാമോ ദുഃഖം ചാലിച്ചുവെച്ച ചിത്രങ്ങളാണ് എം ബി എസ്സിന്റെ കൂടുതൽ പാട്ടുകളും എന്ന് തോന്നിയിട്ടുണ്ട്.
മിക്ക പാട്ടുകൾക്കുമുള്ള സങ്കടം വാക്കിലൊഴിച്ച് നൽകിയത് ഓ എൻ വി.
വയലാറും പി ഭാസ്ക്കരനും ശ്രീകുമാരൻതമ്പിയും എം ഡി ആറും പൂവച്ചൽ ഖാദറും യൂസഫലിയും ബിച്ചു തിരുമലയും എം ബി എസിന് ശില്പങ്ങളുണ്ടാക്കാൻ പാട്ടുകൾ എഴുതിയിട്ടുണ്ട്.
ഭാരതം മുഴുവൻ സഞ്ചരിച്ച്, ആദിവാസികളടക്കം സർവ്വരിൽനിന്നും സംഗീതം പഠിച്ച മഹാമനുഷ്യനായിരുന്നു എം. ബി. എസ്.
വിപ്ലവ പ്രസ്ഥാനങ്ങളോട് ചേർന്നു നിന്ന് സമൂഹത്തെ സ്നേഹിച്ചു.
‘ഇപ്റ്റ’ എന്ന ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ രൂപീകരിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.
1961-ൽ ‘കാല്പാടുകൾ’ എന്ന സിനിമയിലെ ഗാനത്തിലൂടെ യേശുദാസ് എന്ന ഗന്ധർവ്വനെ സിനിമാലോകത്തിന് സമർപ്പിച്ചത് എം ബി എസ്സാണ്.
‘യവനിക’ എന്ന സിനിമയിലെ , ‘കദളീവനങ്ങളിൽ പാടുന്ന’ എന്നു തുടങ്ങുന്ന ;
‘ഭരതമുനിയൊരു കളം വരച്ചു’ എന്ന പാട്ടിനെ വെല്ലാൻ ഒരു കർട്ടൻ റൈസിങ് സോങ് ഇന്നും മലയാളത്തിലുണ്ടായിട്ടില്ല.
മാനാമദുരൈ ബാലകൃഷ്ണൻ ശ്രീനിവാസൻ എന്ന എം ബി ശ്രീനിവാസൻ ചെയ്ത പാട്ടിൽ,
‘കണ്ണും കരളും’ എന്ന സിനിമയിലെ , വയലാർ എഴുതി മെഹ്ബൂബ് പാടിയ ,
‘ചെന്താമരപ്പൂന്തേൻ കുടിച്ച വണ്ടേ , വണ്ടേ , നീ ചാണകമുരുട്ടുന്നതും ഞമ്മള് കണ്ടേ’ എന്ന പാട്ട് ബാബുരാജിന്റെ സംഗീതമാണ് എന്നാണ് ഞാൻ കുറേ കാലം കരുതിയത്.
‘പുതിയ ആകാശം പുതിയ ഭൂമി’ എന്ന ചിത്രത്തിലെ,
‘പണ്ടുപണ്ട് പണ്ട് നമ്മള് ചങ്കരച്ചാര്’ എന്ന പാട്ട് ഒരുപക്ഷേ രാഘവൻ മാഷ് ഈണമിട്ടതായിരിക്കും എന്ന് ഞാൻ കരുതി.
‘ഒരു കൊച്ചു സ്വപ്ന’ത്തിലെ,
‘മാറിൽ ചാർത്തിയ മരതകകഞ്ചുകം’ ദക്ഷിണാമൂർത്തിസ്വാമിയോ എ ടി ഉമ്മറോ ആയിരിക്കും ഈണമിട്ടത് എന്ന് ഞാൻ വിചാരിച്ചു.
‘ഓണപ്പുടവ’ എന്നെ ചിത്രത്തിലെ,
‘ശാപശിലകൾക്കുയിരു നൽകും’ എന്ന ;
ഓ എൻ വി എഴുതി യേശുദാസ് പാടിയ ഗാനം ദേവരാജൻമാഷടെ ആയിരിക്കും എന്ന് ഞാൻ ഊഹിച്ചു.
എന്നാൽ, ഇതെല്ലാം എം ബി എസ് ഈണമിട്ടതാണെന്ന് പല പല സമയങ്ങളിൽ അത്ഭുതത്തോടെ ഞാൻ തിരിച്ചറിഞ്ഞു.
ഏത് തരം സംഗീതവും വഴങ്ങുന്ന മഹാമാന്ത്രികനായിരുന്നു എം ബി ശ്രീനിവാസൻ!
‘കൊക്കരക്കോ പാടും പൊന്നളിയാ’ എന്ന അടൂർഭാസിപ്പാട്ടും
‘പഞ്ചവടിപ്പാല’ത്തിലെ, ‘വിപ്ലവവീര്യമുണർന്നുയരട്ടെ’
എന്ന ഗാനവും എം ബി എസ് എന്ന സംഗീതപ്രതിഭയിലെ കുസൃതിക്കാരനെ പുറത്തെടുക്കുന്നു.
ഒരുപക്ഷേ , ‘ആമേനി’ലെ ‘മോളീന്നു വന്നു വീണ വെളിപാടല്ലേ’ എന്ന ഗാനത്തിന്റെ ഈണവും, ദൃശ്യവുംപോലും; പഞ്ചവടിപ്പാലത്തിലെ ‘വിപ്ലവവീര്യമുണർന്നുയരട്ടെ’ എന്ന പാട്ടിനോട് സ്നേഹപ്പെട്ടിട്ടുണ്ടാകണം.
എം ടി വാസുദേവൻ നായർ പാട്ട് എഴുതിയ, ‘വളർത്തുമൃഗങ്ങൾ’ എന്ന സിനിമയ്ക്ക് എം ബി എസ് ആണ് ഈണം നൽകിയത്.
എം ബി എസിന്
എസ് ജാനകിയോട് ഇത്ര ഇഷ്ടം എന്താണെന്നറിയാൻ ;
‘വളർത്തുമൃഗങ്ങളി’ലെ
‘ഒരു മുറിക്കണ്ണാടിയിലൊന്നു നോക്കി’ എന്ന പാട്ടും
‘ഓപ്പോൾ’ എന്ന സിനിമയിലെ ,
‘ഏറ്റുമാനൂരമ്പലത്തിൽ എഴുന്നെള്ളത്തും’
‘ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച’യിലെ,
‘വിശ്വമഹാക്ഷേത്ര സന്നിധിയിലും’
ഇതേ സിനിമയിലെ ,
‘വിവാഹനാളിൽ പൂവണിപ്പന്തൽ’
എന്ന
ഗാനവും ഒന്ന് കേട്ടാൽ മതിയാകും.
എം ബി എസ് എന്താണ് ഒരു സ്ത്രീശബ്ദത്തിൽനിന്നും ആഗ്രഹിക്കുന്നത് എന്ന് ജാനകി തിരിച്ചറിഞ്ഞ് പാടിയ പാട്ടുകൾ !
പലപ്പോഴും;
‘വിശ്വമഹാക്ഷേത്ര സന്നിധിയിലും’
‘ഏറ്റുമാനൂരമ്പലത്തിലും’ കേട്ട് ഞാൻ ചിന്തിച്ചു;
ഇത് മാധുരി പാടേണ്ടിയിരുന്ന പാട്ടായിരുന്നിരിക്കണം എന്ന്.
പക്ഷേ,
എം ബി എസ് അതെത്ര ഗംഭീരമാക്കിയാണ് ജാനകിയെ ഏൽപ്പിച്ചിരിക്കുന്നത് !
ഞാൻ പാട്ടിന്റെ വേദനകളിലൂടെ എന്നെ കടത്തിവിട്ട കാലം.
‘മിഴികളിൽ നിറകതിരായും’
‘ചെമ്പക പുഷ്പ സുവാസിത യാമ’വും
കടന്ന്,ഞാൻ,
‘എന്റെ കടിഞ്ഞൂൽ പ്രണയ’ത്തിലെത്തി.
അവളെത്തേടി ഞാൻ നടന്ന ഇടത്തെല്ലാം സന്ധ്യ കൂടുതൽ ചുവക്കുന്നതും
അവളുടെ നിശ്വാസമേറ്റ് വേനൽ കടുക്കുന്നതും പൂക്കാലം അവൾക്കൊപ്പം നിർവൃതി പകരുന്നതും
എനിക്ക് ബഹളമൊട്ടുമില്ലാതെ പറഞ്ഞുതന്നത് എം ബി ശ്രീനിവാസനാണ്.
ഒടുവിൽ, സപ്തവർണ്ണമാർന്ന എൻ്റെ ചിറകുകൾ കരിഞ്ഞെന്ന്
എന്നോടു പറഞ്ഞതും
‘ഉൾക്കടലി’ലെ പാട്ടായ, ‘കൃഷ്ണ തുളസിക്കതിരുകൾ ചൂടിയ’ എന്ന ഗാനമാണ്.
ആദ്യ പ്രണയത്തെ ആദിവസന്തമെന്നു വിളിച്ച ഓ എൻ വിക്കൊപ്പം നിന്ന്,
എം ബി എസ് ആ ആദിവസന്തത്തിന്റെ സ്മൃതികളിൽ പൂവിട്ട ഏതോ ശാഖികളിൽ ഇരുന്ന് വേദന പാടിയ കുയിലിനെ എനിക്ക് വരച്ച് കാണിച്ചുതന്നു.
‘ചില്ലി’ലൂടെ,
ചൈത്രം ചായം ചാലിച്ചും
പോക്കുവെയിൽ പൊന്നുരുക്കിയും
ഞാൻ എന്റെ ചുറ്റും നിറങ്ങൾ വിതറാൻ നോക്കിയപ്പോഴും
എം ബി എസ് ചിരിച്ചുകൊണ്ട് ഓർമ്മപ്പെടുത്തി……
ഒരു വട്ടം കൂടിയെന്നോർമ്മകൾ മേയാൻ ആഗ്രഹിക്കുന്ന തിരുമുറ്റം മാത്രമാണ് ഇത് എന്ന്.
നിന്റെ ഓർമ്മകളിലാണ് ഇക്കണ്ട നിറമെല്ലാം എന്ന്.
ഒടുവിൽ, പിണങ്ങി പറന്നുപോകുന്ന കിളിയോട്, ‘അരുതേ’ എന്ന് പറയാനേ നമുക്കാവൂ എന്ന്,
ഇളം ചിരിയോടെ എം ബി എസ് എന്നെ ഓർമ്മപ്പെടുത്തി.
തൊട്ടതിലെല്ലാം ജീവിതത്തിന്റെ ദുഃഖസാന്ദ്രമായ നിറം കലർന്നുപോയ പാട്ടുകൾ !
സങ്കടപ്പാട്ടുകൾക്കൊപ്പം, ശാന്തമായും സൗമ്യമായും ചോദിച്ചു;
നിറങ്ങൾ തൻ നൃത്തം ഒഴിഞ്ഞൊരീ മണ്ണിൽ മറഞ്ഞ പക്ഷികൾ ഇനിയുമെത്തുമെന്ന് കാത്ത്, അരിയ ജൻമമായ ഈ പവിഴ ദ്വീപിൽ നീ ഇരിക്കുന്നത് വ്യർത്ഥമല്ലേ ?
അപ്പോഴും ;
അങ്ങനെയല്ല എന്ന വാശിയിൽ,
‘പ്രഭാമയീ സുവർണ്ണമുഖി നിൻ നെറ്റിയിലാരേ സൂര്യതിലകം ചാർത്തീ …’
എന്ന പാട്ടു കേട്ട്, എന്റെ ദിനങ്ങളെ നിറവും പ്രതീക്ഷ നിറച്ചതുമാക്കി മാറ്റാൻ ഞാൻ ശ്രമിച്ചു.
‘ഉദ്യാന ദേവിതൻ ഉത്സവമായ് നയനോത്സവമായ്’ എന്നും പാടിനോക്കി.
‘ആശ്രയ’ത്തിലെ,
‘താഴികക്കുടവുമായ് തിരകളിൽ മുങ്ങും ശാന്ത ശ്രാവണ സന്ധ്യേ’ എന്ന പാട്ടിൽ,
ഞാൻ തെളിഞ്ഞിരിക്കാൻ ശ്രമിച്ചു.
‘മാറിൽ ചാർത്തിയ മരതകക്കഞ്ചുകമഴിഞ്ഞു വീഴുന്നു’ എന്ന പാട്ടിൽ ഞാൻ ജീവിതത്തെ രതിയോട് ചേർത്തുവെയ്ക്കാൻ ശ്രമിച്ചു.
ഞാൻ മുന്നോട്ടുതന്നെ നടന്നു.
ആരോ എന്റെ കൈ കുടഞ്ഞു കളയിച്ചതെല്ലാം വാക്കായി തിരിച്ചുവരുന്നതറിഞ്ഞു ഞാൻ.
‘ദേവതകൾ എന്നെ ബലിയ്ക്ക് ഉഴിഞ്ഞിട്ടതാണല്ലേ’ എന്നോർത്ത് ഞാൻ ചിരിച്ചപ്പോൾ,
ഗൗരവപ്പെട്ട പാട്ടുകൾ എനിക്കു നേരെ നീട്ടി,
എം ബി ശ്രീനിവാസൻ.
‘രാഗം ശ്രീരാഗം ഉദയ ശ്രീ രാഗം…….’
‘കല്യാണി അമൃതതരംഗിണീ……’
ഞാൻ ചിട്ടകൂടിയ ഇത്തരം പാട്ടുകളിലൂടെ നടന്നു.
കത്തിയിലെ,
‘ബോധിവൃക്ഷ ദലങ്ങൾ കരിഞ്ഞു’
എന്ന പാട്ടും
‘ഓമനത്തിങ്കളി’ലെ
‘യവനപുരാണ നായകനും’
കടന്ന്,
ഞാൻ ‘നീന്തി നടന്നൂ പോലും !’
അകാരണമായി സങ്കടം പിടികൂടുമ്പോൾ,
‘ബന്ധന’ത്തിലെ,
‘കണി കാണേണം കൃഷ്ണാ’ എന്ന ;
ലീലാമേനോന്റെ പാട്ട് കേൾക്കും.
ഒന്നടങ്ങും.
കാരണം ,
എം ബി ശ്രീനിവാസൻ മാന്ത്രികനാണ്.
കളി ,ചിരി,സങ്കടങ്ങളുടെ നൂറ്റെട്ട് മർമ്മങ്ങളുമറിഞ്ഞവൻ.
ചില രാവുകളിൽ ഉറങ്ങാതെ കിടക്കുമ്പോൾ,
‘ശുഭരാത്രീ നിങ്ങൾക്കു നേരുന്നൂ’ എന്ന പാട്ട് എനിക്കുള്ള ഉറക്കം വാങ്ങി വന്നു.
പതുക്കെപ്പതുക്കെ പരമ്പരകളിലേയ്ക്ക് സംഗീതം പടരുന്നത് അനുഭവമായി.
മകനും മകളും കുട്ടിക്കാലത്ത് ഉറങ്ങാൻ,
‘ഓലഞ്ഞാലിക്കിളിയുടെ കൂട്ടിൽ ഒരു വിരുന്ന്’
എന്ന പാട്ടും
‘ആലോലമാടി താലോമോടീ പൂവേ നീയുറങ്ങ്’
എന്ന പാട്ടും നിർബന്ധമാണെന്ന് ഞാനും ഭാര്യ പ്രതിഭയും മനസ്സിലാക്കിയ നാളുകൾ.
ഈ പാട്ടുകൾ തീർന്നാൽ കരയുകയും;
പാട്ടുണർന്നാൽ ഉറങ്ങുകയും ചെയ്യുന്ന കുഞ്ഞുങ്ങളിലൂടെ വീണ്ടും എം ബി എസ് എന്റെ കൂടെ നിന്നു.
അപ്പോഴും ഞാൻ, കുഞ്ഞുങ്ങളറിയാതെ ഇടയ്ക്കെന്റെ വേദനപ്പുറങ്ങൾ സന്ദർശിക്കുമായിരുന്നു.
‘മണിവത്തൂരിലെ ആയിരം ശിവരാത്രികളി’ലെ ,
ടൈറ്റിൽ സോങ് ഞാൻ ഇടക്കിടെ കേട്ടു.
‘ആദിയിൽ ഏദനിൽ വെച്ചു നാം കണ്ടു.’
‘മൂകതയുടെ സൗവർണ്ണ പാത്രത്തിൽ മൂടിവെച്ചൊരു ദുഃഖമേ പോരൂ’
എന്ന പാട്ടും ഇടയ്ക്കിടെ എന്നെ പിടികൂടും.
പാട്ടല്ല; കവിതതന്നെ!
കവിതയെ കവിതയായും ദർശനങ്ങളെ അതായും ക്ലാസിക്കൽ സംഗീതത്തെ അതിന്റെ ഗരിമയോടെയും ഭാവഗാനങ്ങളെ ഭാവസാന്ദ്രമായും ഒരുക്കിയ മേക്കപ്പ്മാനായിരുന്നു എം ബി എസ്.
ഒട്ടും അധികവും
ഒട്ടും കുറവും അല്ലാത്ത ചമയങ്ങളുമായി അദ്ദേഹമൊരുക്കിയ സുന്ദരവേഷങ്ങൾ ശബ്ദമേറി നമ്മുടെ മനസ്സിൽ വേദി പിടിച്ച് നൃത്തമാടാൻ തുടങ്ങിയിട്ട് എത്ര കാലമായി !
അവരാ നൃത്തം കാലാകാലം തുടരും എന്നുറപ്പ്.
പറയില്ല എന്നു കരുതിയ പാട്ട് വിരൽത്തുമ്പിലേയ്ക്ക് തിക്കിത്തള്ളി വരുന്നു;
എന്നെയെഴുതാതെ നിനക്കുറങ്ങാനാകുമോ എന്ന് ചോദിച്ച്.
‘മൗനം വാചാലം’ എന്ന ചിത്രത്തിലെ,
‘നിൻ്റെ സുസ്മിതം തൊട്ടുണർത്തിയെൻ സുന്ദര സ്മൃതി സുമങ്ങളേ ….’. എന്ന ഗാനം.
പല ജന്മങ്ങളിലേയ്ക്ക് എന്നെ കൊണ്ടുപോയ ഗാനം !
മുജ്ജൻമങ്ങൾ എന്നെ ഓർമ്മപ്പെടുത്തിയ ഗാനം !
സംഗീത ചക്രവർത്തിയുടെ സ്മരണയിൽ തൊഴുകൈകളോടെ……
( എം ബി എസ്
ജനനം :19- 09.-1925
യാത്ര :09 – 03 – 1988