ചൊവ്വാക്ഷേത്രങ്ങളോട് പൊതുവേ ആൾക്കാർക്കൊരു ഭയമാണ്. ഭയം എന്നതിനേക്കാൾ, ‘ഒരു ഒളിച്ചുകളി’ എന്നു പറയുന്നതാവും ശരി.
നീലിച്ചൊവ്വ എന്നാണ് പറയാറ്.
പ്രാർത്ഥിച്ച്, പ്രശ്നം പരിഹരിക്കുംപോലെ, പ്രാർത്ഥിച്ചോ ; ക്രിയ ചെയ്തോ ശത്രുവിന് ഒരു പ്രശ്നം സൃഷ്ടിയ്ക്കാനും ഈ ക്ഷേത്രങ്ങളെ ചിലർ ഉപയോഗിക്കുന്നതാവാം ഈ ഭയത്തിന്റെയും ഒളിച്ചുകളിയുടെയും കാരണം.
‘ഞാൻ അന്നകരക്ഷേത്രത്തിൽ പോയി’ എന്നോ
‘ഞാൻ മാങ്ങോട്ടുകാവിൽ പോയി വരുന്ന വഴിയാണ്’ എന്നോ
‘മീൻകുളത്തിക്കാവിൽ തൊഴുതിറങ്ങിയപ്പൊ ഇവടേം ഒന്ന് കേറാൻ തോന്നി’ എന്നോ ഒന്നും പൊതുവേ ആരും പറയാറില്ല.
ചെല്ലും ,
പ്രാർത്ഥിക്കും,
പരാതി കെട്ടഴിക്കും,
നിശ്ശബ്ദമായി തിരിച്ചുപോരും.
എന്നാൽ,
ഞാൻ, മറ്റ് ക്ഷേത്രങ്ങളിൽ പോകുംപോലെ ഇവിടങ്ങളിലും പോകാറുണ്ട്.
അവിടെ എന്ത് നടക്കുന്നു എന്നതും
ജനങ്ങൾ എന്തെല്ലാം കാര്യങ്ങൾക്ക് ഈ ദേവാലയങ്ങളെ ഉപയോഗിക്കുന്നുണ്ട് എന്നതും എന്റെ വിഷയമല്ല.
ഞാൻ എന്താണ് എന്നതേ ഞാൻ ശ്രദ്ധിക്കുന്നുള്ളൂ.
DYFI നടത്തിയ ഫുട്ബോൾ ടൂർണ്ണമെന്റിൽ മുഖ്യാതിഥിയായതും
കോൺഗ്രസ്സ് നടത്തുന്ന പാടം നികത്തൽവിരുദ്ധ സമരത്തിൽ പ്രസംഗിച്ചതും
ബാലഗോകുലത്തിന്റെ ഗണേശോത്സവത്തിൽ ഉദ്ഘാടകനായതും ഇതേ കാരണംകൊണ്ടുതന്നെയാണ്.
സ്ക്കൂളിലെ സഹപാഠിയായ സുമിതാമേനോൻ എന്ന സുമി വിളിച്ച് ചീത്തപറഞ്ഞതിനേത്തുടർന്നാണ് ഞാൻ തൃശ്ശൂരിലെ പറപ്പൂർ നാഗക്കാവിൽ തൊഴാൻ പോകുന്നത്.
മാറ്റിവെച്ച് മാറ്റിവെച്ച്, ഒടുവിൽ എത്തിപ്പെട്ട നാൾ നാഗപഞ്ചമി !
അവിടന്നിറങ്ങിയതും ഞാൻ ആസാദിനോട് പറഞ്ഞു.
“അന്നകരകൂടി പോകാം.”
മനോരമയുടെ FM റേഡിയോയിൽ ജോക്കി വേഷം ആയിരുന്ന കാലത്ത്,
ഞാനും റേഡിയോമാംഗോയിലെ ഡ്രൈവർ ഗിരിച്ചേട്ടനും
എന്റെ കോ ജോക്ക് ആയിരുന്ന അഞ്ജുവുംകൂടിയാണ് ആദ്യമായി അന്നകര എത്തിപ്പെടുന്നത്.
OB യുടെ റെക്കോഡിങ്ങിന്റെ ആവശ്യത്തിനായുള്ള കറക്കത്തിൽ അപ്രതീക്ഷിതമായി എത്തിപ്പെട്ട സ്ഥലം.
മനോഹരമായ ഗ്രാമം.
ഒറ്റനോട്ടത്തിൽ പ്രിയപ്പെട്ടതായി.
ഞാൻ , ക്ഷേത്രത്തിലെ പ്രധാന കാർമ്മികനോട് ചെന്ന് ചോദിച്ചു;
“ഞാൻ, ഇവിടെ, ഇന്ന് ഇങ്ങനെ വരാൻ കാരണമെന്താണ്?”
അദ്ദേഹം മറുചോദ്യം.
“ഭാര്യ ഗർഭിണിയാണോ?”
“അതെ.”
“അതാണ് കാരണം.
ഇവിടത്തെ ദേവി, പ്രസവത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ദേവതയാണ്.
ഒരു തേങ്ങ വാങ്ങി, അതാ, അവിടെ ഉടച്ച്, മുറിയുമായി വരൂ….. വിശദമായി പറഞ്ഞുതരാം.”
ഞാൻ, പറഞ്ഞപടി ചെയ്തു.
തേങ്ങാമുറി നോക്കി അദ്ദേഹം പറഞ്ഞ കാര്യങ്ങൾ കേട്ട് ഞാൻ നടുങ്ങി,
അത്ഭുതപ്പെട്ടു.
ഞാൻ, ദേവിയെ മനസ്സുകൊണ്ട് കെട്ടിപ്പിടിച്ചു.
കൈ കൊടുത്തു.
സാഷ്ടാംഗം നമസ്ക്കരിച്ചു.
അന്നദ്ദേഹം, എന്റെ ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് നടക്കും എന്ന് പറഞ്ഞ കാര്യങ്ങളെല്ലാം അച്ചട്ടായി നടന്നു.
ദുരന്തങ്ങൾമാത്രം
ഒന്ന് തലയുയർത്തി, ഞങ്ങൾക്കുള്ള ദേവതാനുഗ്രഹത്താൽ തോറ്റ് പിൻവാങ്ങി.
ഇതാണ് എനിക്ക് അന്നകരയുമായുള്ള പൂർവ്വപുണ്യബന്ധം.
ഇതെല്ലാം ഓർത്ത് ഞാനും ;
നിശ്ശബ്ദനായി നടന്ന ആസാദും
അവിടെയുള്ള ഒരു നാടൻചായക്കടയിൽ കയറി.
ദോശയും ചായയും കഴിച്ചുകൊണ്ടിരിക്കുമ്പോൾ, പ്രായമായ ഒരമ്മ പതുക്കെപ്പതുക്കെ നടന്നുവന്ന്, അരിത്തിണ്ണയിൽ ഇരുന്നു.
ഒന്നും പറയുന്നില്ല.
ഒന്നും ആവശ്യപ്പെട്ടതുമില്ല.
ചായക്കടക്കാരൻ ഒരു പ്ലേറ്റിൽ ചട്ടിണി ഒഴിച്ച് ദോശയും ഒരു ഗ്ലാസ്സ് ചായയും അമ്മയ്ക്കു മുന്നിൽ വെച്ചു.
അമ്മയെ കണ്ടാലറിയാം; ഒരുകാലത്ത്, പാടത്ത്പണിയും കറ്റമെതിയും
ഏതോ വലിയൊരു തറവാട്ടിൻമുറ്റത്തെ മമ്പണിയുമൊക്കെയായി അദ്ധ്വാനിച്ചുനടന്ന ദേഹമാണ് എന്ന് .
ഓട്ടുപുരയായ ചായക്കടയുടെ കഴുക്കോലിലും ഉത്തരത്തിലുമെല്ലാം ചോക്കുകൊണ്ട് ഫോൺനമ്പറുകൾ എഴുതിയിരിക്കുന്നു.
ആസാദ് പറഞ്ഞു.
“പറ്റ് കിട്ടാനുള്ളവരുടെ നമ്പർ ആകും.”
കഴിച്ചുകഴിഞ്ഞ് അമ്മ എണീറ്റു.
ചായക്കടക്കാരനെ നോക്കി.
അദ്ദേഹം പറഞ്ഞു.
“മൊത്തം നൂറ്റിഎൺപതായി.
ഉള്ളത് ഉള്ളപ്പൊ കൊണ്ട് തന്നോളൂ.”
അമ്മ അതിനും ഒന്നും മിണ്ടിയില്ല
“ഇന്നലെ എന്താ വരാഞ്ഞ് ?”
“ആസ്പ്പത്രീപ്പോണംന്ന് വിചാരിച്ചു.”
” ന്ന്ട്ട് പോയോ?”
“ഇല്ലാ ….”
“എന്തേ ?”
“കാശുണ്ടായിരുന്നില്ല.”
ചായക്കടക്കാരന്റെ സ്വരം കനത്തു.
“കാശില്ലാഞ്ഞാ വീട്ടിലിരിക്ക്യാ ചെയ്യാ!
ദേ…. ഞാൻ വല്ലതും പറയും ട്ടോ.
അപ്പൊ ഇങ്ക്ട് വരാർന്നില്ലേ?”
അമ്മ നിർവ്വികാരയായി നിന്നു.
അദ്ദേഹം തുടർന്നു.
“ന്ന്ട്ട് ചികിത്സിച്ചതൂല്ല്യാ… കഴിച്ചതൂല്ല്യാ ല്ലേ !?”
അമ്മ, കണ്ണുനിറയും മുമ്പ് തിരിച്ചുനടന്നു.
എനിക്ക് ദോശ ഇറങ്ങാതായി.
‘നീ വല്ലതും കഴിച്ചിരുന്നോ ?’
എന്ന്, എന്റെ ഓരോ വീടെത്തലിലും ചോദിച്ചിരുന്ന അമ്മ മുന്നിൽവന്നു നിൽക്കുംപോലെ തോന്നി.
പൈസ കൊടുക്കാൻനേരം ഞാൻ ചോദിച്ചു.
“എന്താ നിങ്ങടെ പേര് ?”
“രാമദാസൻ.”
ഞാൻ, ദേവിയോടൊപ്പം ഇദ്ദേഹത്തേയും ഒന്ന് തൊഴുതുനിവർന്നു