അക്ഷരങ്ങളിലൂടെ മാത്രം എന്നെ കാണുക
Jayaraj Mithra
വിഭാഗങ്ങൾ
ഭക്ഷണം തരുന്ന ദൈവങ്ങൾ
December 14, 2024 33 No Comments

ഏത് ഫുഡ് കോർട്ടിലാണ് നമ്മൾക്ക് ഒരു ബർഗറോ ഒരു ദോശയോ
ചീസോ സമൂസയോ ഒരു കഷണം റൊട്ടിയോ സൗജന്യമായി കിട്ടുക?

കാശടച്ച തെളിവുനീട്ടിയാൽമാത്രം പൊരിയുന്ന അടുപ്പുള്ള അടുക്കളകളാണ് അവിടെയെല്ലാം.

അഥവാ, ഒരാൾക്കൊന്ന് വയറെരിഞ്ഞാൽ;
‘കാശില്ല ; എന്തെങ്കിലും കഴിക്കാൻ കിട്ടുമോ ?’ എന്നെങ്ങാൻ ചോദിച്ചുപോയാൽ സെക്യൂരിറ്റിക്കാർ വന്ന് തൂക്കിയെടുത്ത്, ശീതീകരിച്ച ആ മരവിപ്പിൽനിന്നും പൊള്ളുന്ന തീക്ഷ്ണപാതയിലേയ്ക്കെറിഞ്ഞുകളയും.

ഇത്രയും പറഞ്ഞത്; കഴിഞ്ഞ ദിവസം കണ്ട ഒരു കാഴ്ച ഉള്ള് നിറച്ചപ്പോഴാണ്.

സ്ഥലം, തൃശ്ശൂർ ജില്ലയിലെ തിരുവില്വാമല.

‘വീ ക്കേ എൻ തൊട്ട് കുഞ്ഞുണ്ണിവരെയുള്ള പ്രാന്തൻമാർ വാഴുമിടം’ എന്നാണ്, തിരുവില്വാമല ചുങ്കത്തേക്കുറിച്ച് ഞങ്ങൾ പണ്ടേ പറയാറ്.

ഇത്രയും വ്യത്യസ്തതകൾ നിറഞ്ഞതും; ആനന്ദമാർഗ്ഗികളായ ഉൻമാദികൾ നിറഞ്ഞതുമായ വേറെ ഒരിടം ഉണ്ടോ എന്ന് സംശയമാണ്.

ഏവരും ജനനമാഘോഷിക്കുമ്പോൾ മരണം കേമമാക്കിക്കൊടുക്കുന്ന ഇടം!

ജീവിതത്തിൽ തൃപ്തിയ്ക്കായി ലോകംമുഴുവൻ പാഞ്ഞുനടന്നവരെ, മരണശേഷം തൃപ്തിപ്പെടുത്തിവിടുന്ന ഭൂമിക !

ഇവിടെ, കുത്താമ്പുള്ളിറോഡ് തുടങ്ങുന്നിടത്ത്, ഒരമ്മ, പണ്ട് ഒരു ചായക്കട നടത്തിയിരുന്നു.
ഇവിടത്തെ ഉള്ളിച്ചമ്മന്തി കഴിക്കാൻ ഞാൻ ഇടക്കിടെ ചെന്ന് ഇഡ്ഡലി കഴിക്കുമായിരുന്നു.

കൈകൊണ്ട് പെറുക്കി വിളമ്പുന്ന ഇഡ്ഡലിയിൽ ആ അമ്മയുടെ വിരൽകൾ തൊടുമ്പോൾ, അതിൻ്റെ മൃദുത്വം തൊട്ടറിഞ്ഞ്,
‘ഇന്നും ; അരവും മാവിന്റെ പുളിയും കൃത്യമാണ്’ എന്ന്
തൃപ്തപ്പെടുന്ന ആ അമ്മയുടെ ചുണ്ടിൽ, സദാ, വിശക്കുന്നവരോടുള്ള ഇഷ്ടം ചിരിയായി പടർന്നുനിന്നിരുന്നു.

ഒരുനാൾ ഞാൻ ചോദിച്ചു.

“ഈ ഉള്ളിച്ചമ്മന്തി എങ്ങനെയാ ഉണ്ടാക്കുന്നത് അമ്മേ?”

‘ഇത് ഞങ്ങളുടെ ബിസിനസ് സീക്രട്ടാണ്’ എന്നു പറഞ്ഞില്ല.
കേൾക്കാത്ത മട്ടിൽ പോയില്ല.
അതൃപ്തി പടർത്തി, ചുണ്ടിലെ നിലാവ് മായ്ച്ചില്ല.

“ചെറിയ ഉള്ളി തൊലികളഞ്ഞ്, ചുവന്നമുളകും ചേർത്ത്, ആദ്യംതന്നെ ചീനച്ചട്ടിയിൽ ഒന്ന് വഴറ്റണം. എന്നിട്ട് അരച്ചാൽ ഈ സ്വാദ് കിട്ടും.”

വർഷങ്ങൾക്കുശേഷം ഞാൻ ഈ കടയേപ്പറ്റി പറഞ്ഞപ്പോൾ, കണ്ണൂരുകാരി അഖില പറയുന്നു;
‘ആ കിട്ക്കൻ ഉള്ളിച്ചമ്മന്തി കിട്ടണ കടയല്ലേ?!’ എന്ന് !

തുറന്ന മൂക്കും തുടിക്കും നാവും ‘വായോ’ എന്ന് വിളിക്കുന്ന വയറുമുള്ളവർ
മണംപിടിച്ച് പണ്ടേയ്ക്കുംപണ്ടേ ഇത്തരമിടങ്ങളിൽ എത്തിയിട്ടുണ്ട് എന്നർത്ഥം.

പിന്നെപ്പിന്നെ ആ കട അടഞ്ഞു.
ഓട്ടുപുര പൊളിച്ചുമാറ്റി ആ
സ്ഥലം ഒഴിഞ്ഞുകിടന്നു.

പിന്നെ കുറേക്കാലം കഴിഞ്ഞ്, അവിടെ പുതിയ കെട്ടിടമുയരാൻതുടങ്ങി.

പൂർവ്വജൻമസ്മൃതിപോലെ, ആ വഴി പോകുമ്പോഴെല്ലാം എന്റെ മൂക്ക് ത്രസിച്ചു.

കുറച്ചുദിവസം മുൻപ്, നന്ദകുമാർ ഉണ്ണിയുടെ പുസ്തകപ്രകാശനം തിരുവില്വാമലയിലെ വായനശാലയിൽ നടക്കുന്നു.

ശ്രീ ആഷാമേനോന്റെ ഗംഭീര പ്രഭാഷണത്തിനും നന്ദകുമാർ ഉണ്ണിയുടെ കവിതപോലുള്ള മറുചൊല്ലിനും ശേഷം, സ്ഥലകാലബോധം നഷ്ടമായ ചിലർ മൈക്ക് ഭക്ഷിക്കാനാരംഭിച്ചപ്പോൾ; ഞാനും ആസാദും സ്വാമി ആനന്ദവനവും കണ്ണനും പുറത്തുചാടി.

ആനന്ദവനം പറഞ്ഞു.

“മ്മടെ പഴയ ആ ഉള്ളിച്ചമ്മന്തിക്കട പുതുക്കിപ്പണിത് തുറന്നിട്ടുണ്ട്.
പോയി കഴിച്ചാലോ?”

മനംപോലെ മാരുതി 800 ആസാദിന്റെ ‘കപ്പിത്താനിത്തത്തിൽ’ കുത്താമ്പുള്ളിറോഡിലെത്തി.

കഴിച്ചു.
ഗംഭീരം!

ചെറിയ വ്യത്യാസമുണ്ടെങ്കിലും; രുചിയൊട്ടും കുറയാതെ, ഉള്ളിച്ചമ്മന്തിയും കട്ടച്ചട്ടിണിയും വീണ്ടും വീണ്ടും വിളമ്പി, അവർ ഞങ്ങളുടെ വയർ നിറച്ച്, അവരുടെ വിശപ്പ് മാറ്റുന്ന രസമുള്ള അനുഭവം!

പുറത്തിറങ്ങുമ്പോൾ കടയ്ക്കുമുന്നിൽ കണ്ട വലിയ ബോർഡാണ് ഈ എഴുത്തിനെല്ലാം കാരണം.
ആ ബോർഡാണ് ഈ പോസ്റ്റിലെ ചിത്രം.

ഇനി, ആദ്യപാരഗ്രാഫ് ഒന്നുകൂടി ഇതിനോട് ചേർത്തുവായിച്ച് അവസാനിപ്പിക്കാം

Leave a Comment

Share This Post
Post Author
Post Author
ജയരാജ് മിത്ര മലയാളം എഴുത്തുകാരനാണ്. സാഹിത്യരംഗവും സിനിമാരംഗവും പ്രധാന പ്രവർത്തനമേഖലകൾ. തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത് കൊങ്കൺ റെയിൽവേയിൽ ലോക്കോ പൈലറ്റ് ആയിട്ടാണ്. ഇത്, പല സ്ഥലത്തും യാത്ര ചെയ്യാനും പലതരം അനുഭവങ്ങൾ സ്വായത്തമാക്കാനുംമാത്രം ഉപയോഗിച്ച്, ഈ ജോലി ഉപേക്ഷിച്ച്, ആകാശവാണിയിലും എഫ് എം റേഡിയോയിലും ടെലിവിഷൻ ചാനലിലുമെല്ലാം ജോലി ചെയ്തശേഷം; മുഴുവൻ-സമയ സാഹിത്യ-സിനിമാ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്.