‘വല്ലാത്തൊരു ഭംഗിയുണ്ടല്ലോ ഈ പാട്ടിന് !’
ഇതാണ് എനിക്ക് ഓ എൻ വിയുമായുള്ള ആദ്യത്തെ അടുപ്പം.
‘യവനിക’ എന്ന സിനിമയിലെ,
‘മിഴികളിൽ നിറകതിരായി’ എന്ന പാട്ടും
‘ചമ്പക പുഷ്പ സുവാസിതയാമം’
എന്ന പാട്ടുമായിരുന്നു എന്നെ ,
‘ഇങ്ങനെയൊക്കെ എഴുതുന്ന ആൾ ആരാണ് !’
എന്ന കൗതുകത്തിലേയ്ക്കുണർത്തിയത്.
‘ഇവൾക്കെന്തൊരു ഭംഗി!’ എന്നും ;
‘എന്തൊരു നല്ല കുട്ടി !’
എന്നും ഞാൻ കൊതിച്ചവൾ,
എന്റെ കൂടെയുണ്ടാവില്ലെന്നറിഞ്ഞ നാൾ, ഈ , ‘മിഴികളിൽ നിറകതിരായി’ എന്നെ കരയിക്കാനും കരുതലോടെ ചേർത്തുപിടിക്കാനും വന്നു!
പിന്നെപ്പിന്നെ, പാട്ടു കേട്ട് ഞാൻ അർത്ഥം ചോദിച്ച് അമ്മയുടെ അടുത്തെത്തിക്കുന്ന പാട്ടുകളെല്ലാം ഓ എൻ വി എഴുതിയതാണെന്ന് തിരിച്ചറിഞ്ഞു!
‘കമ്ര നക്ഷത്ര കന്യകൾ’ എന്നതിലെ ‘കമ്ര’വും
‘പൂണാരം ചാർത്തിയ കന്നിപ്പൂമകളി’ലെ ‘പൂണാര’വും
അമ്മ പറഞ്ഞ് അർത്ഥമറിഞ്ഞ് ഭംഗിയേറി.
അമ്മയ്ക്കേറെ ഇഷ്ടമുള്ള ഒരു പാട്ട്
‘ഒരു നാൾ വിശന്നേറെ’ എന്ന പാട്ടായിരുന്നു എന്ന്, അമ്മ റേഡിയോയിലേയ്ക്ക് മനസ്സുറപ്പിക്കുന്നതു കണ്ട് ഞാൻ മനസ്സിലാക്കി.
ഇതും ഓ എൻ വി എഴുതിയ ഗാനം !
പെട്ടെന്നൊരുന്നാൾ തുടങ്ങി, നിത്യമെന്നോണം റേഡിയോയിലെ , “ഇപ്പോൾ ചലച്ചിത്രഗാനങ്ങൾ കേൾക്കാം” എന്ന പരിപാടിയെ അലങ്കരിക്കാൻ വന്ന
‘മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി’
എന്ന പാട്ടും ;
പുറകേ കടന്നുവന്ന,
‘നീരാടുവാൻ നിളയിൽ നീരാടുവാനും’
‘ആരെയും ഭാവഗായകനാക്കും’
എന്ന സ്വർണ്ണം പതിച്ച ഗാനവുമൊക്കെ ഓ എൻ വി എഴുതിയവ !
ബോംബെയിലെ ഗലികളിലൂടെ പാതി പട്ടിണിയും മുഴുവിരഹവുമായി അലഞ്ഞുനടന്ന കാലത്ത് ഒരു മലയാളിക്കടയിൽനിന്നും ഒഴുകിയെത്തി എന്നെ കൂട്ടിക്കൊണ്ടുപോയ,
‘ശ്യാമ സുന്ദര പുഷ്പമേ’ എന്ന പാട്ടും ഓ എൻ വി കുറിച്ചത്!
റെയിൽവേയിലെ എന്റെ ജോലി ഞാൻ ഉപേക്ഷിക്കാൻ കാരണമായ
‘അലിഞ്ഞലിഞ്ഞു പോം അരിയ ജൻമമാം പവിഴദ്വീപിൽ ഞാൻ ഇരിപ്പതെന്തിനോ’
എന്ന വരിയുള്ള
‘നിറങ്ങൾ തൻ നൃത്ത’വും ഈ ഗന്ധർവ്വകവി കുറിച്ചത്!
എന്നെ പിടികൂടിക്കുടഞ്ഞ പാട്ടുകളിൽ മിക്കതും ഇദ്ദേഹത്തിന്റേതായതെന്തുകൊണ്ടാണ് !
‘പാടുവാനായ് വന്നു നിന്റെ പടിവാതിൽക്കൽ’
എന്ന ഗാനം എന്റെ തറവാട്ടിൽ എത്തുമ്പോഴെല്ലാം എന്നെ വാരിപ്പുണരുന്നു.
കാലങ്ങൾക്കുശേഷം ഞാൻ ആദ്യമായി കേൾക്കുന്ന ഒരു മനോഹരഗാനം.
വരികൾ കേട്ടതും ഉറപ്പായി, ‘ഇതും അദ്ദേഹം തന്നെ!’
നിന്റെ സുസ്മിതം എന്റെ ഓർമ്മകളെ തൊട്ടുണർത്തി. എന്നാൽ സഖീ, എന്നൊടൊത്ത് അത് നുകരാൻ നിനക്കായില്ല
എന്ന വേദനയുമായി, രണ്ട് ജൻമങ്ങളുടെ കഥ പറയുന്ന ഏതാനും വരികൾ !
ഒരു സമുദ്രത്തെ എങ്ങനെയാണ് ഒരു കമണ്ഡലുവിൽ ഒതുക്കുന്നത് എന്ന് ഓ എൻ വി എന്ന അത്ഭുതജൻമം നമ്മൾക്ക് കാണിച്ചുതരുന്ന പാട്ട് !
‘നിന്റെ സുസ്മിതം തൊട്ടുണർത്തിയെൻ സുന്ദര സ്മൃതി സുമങ്ങളേ……’
ഇതിലും മനോഹരമായ കാവ്യകല്പനകളുമായി ഈ ലോകത്തെ ഭ്രമിപ്പിക്കാൻ, പുതിയൊരു ജൻമമെടുത്ത് അദ്ദേഹം വരാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു.
ജയരാജ് മിത്ര.