അക്ഷരങ്ങളിലൂടെ മാത്രം എന്നെ കാണുക
Jayaraj Mithra
വിഭാഗങ്ങൾ
അപ്രത്യക്ഷമാകുന്ന നന്ദികേശന്മാർ
November 24, 2024 32 No Comments

തമിഴ് നാട്ടിൽ വിശാലമായൊരു പശുഫാം നടത്തുന്ന ഡോക്ടർ,
തന്റെ ഫാമിലെ പശുക്കളെ,
നന്നായി വളർത്തും എന്നുറപ്പുള്ളവർക്ക് കൊടുത്ത് ഫാം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലാണ്.

ആയിരത്തിനടുത്ത് നാടൻ പശുക്കളാണ് ഇരുനൂറേക്കറോളമുള്ള ഈ ഫാമിൽ ഉള്ളത്.
പശുക്കൾക്ക് കറുകപ്പുല്ല് നൽകാൻ ;
പുൽകൃഷിക്കായി, ഏതാണ്ടത്രയും സ്ഥലം വേറെയുമുണ്ട്.

ഭാരതത്തിലെ മിക്ക നാടൻ ഇനങ്ങളും ഈ ഫാമിലുണ്ട്.
പശുക്കളെ സ്വതന്ത്രമായി നടക്കാൻ അനുവദിച്ചുകൊണ്ടാണ് വളർത്തുന്നത്.
കെട്ടിയിടൽ ഇല്ല.
ഔഷധച്ചെടികളും കറുകപ്പുല്ലും വളർത്തി, അതാണ് പശുക്കൾക്ക് തീറ്റയായിക്കൊടുക്കുന്നത്.

അപ്രതീക്ഷിതമായി കടന്നുവന്ന കോവിഡ് കാലവും
കെട്ടിടനിർമ്മാണനിയമവ്യവസ്ഥകളിലെ ഇടക്കാലത്ത് പൊട്ടിപ്പുറപ്പെട്ട ചില നൂലാമാലകളും കാരണം പശുഫാം മുന്നോട്ട് കൊണ്ടുപോകാൻ പറ്റാത്ത അവസ്ഥ വന്നുചേരുകയാണുണ്ടായത്.

ദേവതകളായി കരുതുന്ന പശുക്കളെ കൊല്ലാൻ കൊടുക്കാൻ ഒരുക്കമല്ല
എത്ര പണം കിട്ടിയാലും.
നന്നായി നോക്കും എന്നും ; സ്നേഹിച്ച് വളർത്തും എന്നും ഉറപ്പുള്ളവർക്കേ ഇവരെ കൊടുക്കുകയുള്ളൂ.

അതിനായി,
ഡോക്ടറും പാർട്ണർ ആയ സുഹൃത്തും ഭാരതം മുഴുവൻ അലഞ്ഞു.

“വീട്ടിൽ ദാരിദ്യമാണെന്നുവെച്ച് പുന്നാരമകളെ സിറിയയിലേയ്ക്ക് ആടുമേയ്ക്കാനായി പറഞ്ഞുവിടാൻ പറ്റില്ലല്ലോ…..”
എന്നാണ് ഡോക്ടർ പറഞ്ഞത്.

അങ്ങനെ,
പശുക്കളെ സംരക്ഷിക്കാനും സ്നേഹിക്കാനും ;
ഇവർ ഇത്രയും കാലം വളർത്തിയപോലെ പശുക്കളെ സ്വതന്ത്രരായി വിട്ട് വളർത്താനും തയ്യാറുള്ളവരെ അന്വേഷിച്ച്,
ഭാരതം മുഴുവൻ ഒരു യാത്ര !

“ഒരൊറ്റ ഇനമാണ് ഈ പശുക്കളെങ്കിൽ
ഞങ്ങൾ എടുക്കാം
എന്നായിരുന്നു ചില സംസ്ഥാനങ്ങളിൽനിന്നും കിട്ടിയ അറിയിപ്പ്.”

“അങ്ങനെയല്ല അവസ്ഥ.
ഭാരതത്തിലെ മിക്ക നാടൻ ബ്രീഡുകളും ഇവിടെ ഉണ്ട്.
അവ പരസ്പരം കലർന്നുപോകാതെകൂടി ശ്രദ്ധിച്ച് വളർത്തിവരുന്നതാണ്.
ഈ പശുക്കൾ കറുകപ്പുല്ല് കഴിച്ച് വളർന്നതും;
അപ്രകാരം ശുദ്ധമായി ജീവിക്കുന്നവരുമാകയാൽ ഇവരുടെ പാലും മോരും തൈരും വെണ്ണയും ഗോമൂത്രവും ചാണകവുമെല്ലാം ഔഷധങ്ങളാണ്.”

“വളർത്താനാണ് എന്നു പറഞ്ഞ്,
ഈ ഔഷധപ്പശുക്കളെ കൊന്നുതിന്നാൻ ;
നാവിൽ വെള്ളമൂറിയ പലരും വന്നു.
ദൈവം കൂടെനിന്ന്, അവരുടെ ദുരുദ്ദേശം കാണിച്ചുതന്നതിനാൽ വലിയ ശാപങ്ങളിൽനിന്നും ഞങ്ങൾ തത്ക്കാലം രക്ഷപ്പെട്ടു.”

ഡോക്ടർ, കാര്യങ്ങളിലെ തടസ്സം വ്യക്തമാക്കി.

“സൗത്തിന്ത്യൻ ബ്രീഡുകളെ ആർക്കും വേണ്ട.”

ഇത് എനിക്ക്,
ഏറെ കൗതുകമുണ്ടാക്കിയ പരാമർശമായിരുന്നു.

“അതെന്താ സൗത്തിന്ത്യൻ ബ്രീഡിനുള്ള കുഴപ്പം?
പാല് കുറവാണോ? “

“അല്ലല്ല.
ഈ ബ്രീഡുകൾ വലുപ്പംകൊണ്ട് ചെറുതാണെങ്കിലും; അഗ്രസ്സീവ് മൂഡാണ്.
കണ്ട്രോൾ ചെയ്യാൻ പാടാണ്.
ഇണക്കം കുറയും. വല്ലാത്ത പേടിയുള്ള ബ്രീഡുകളാണ്.”

ഇത് എന്റെ കൗതുകം ഇരട്ടിപ്പിച്ചു.
അതെന്താ ‘കട്ടിങ് സൗത്ത് ‘ പോലെ,
ഒരു പ്രത്യേക ‘സൗത്ത് ‘ സ്വഭാവം!?

“അതെന്താ ഇവർ മാത്രം ഇങ്ങനെ ?”

ഡോക്ടർ വിശദമാക്കി.

“വടക്കേ ഇന്ത്യയിൽ തലമുറതലമുറകളായി പശുക്കളെ ആരും കൊല്ലാറില്ല.
വഴിയിലൂടെ നടന്നുപോകുന്ന പശുക്കളെ കണ്ടിട്ടില്ലേ?
ആൾക്കാർ , ഒന്ന് തൊട്ട് നെറുകിൽ വെയ്ക്കും.
അത്രയ്ക്ക് ഇഷ്ടവും ആരാധനയുമാണ് പശുക്കളോട്.
അവർ പശുക്കളെ കളിയായിപ്പോലും തല്ലാറില്ല.
‘ഗോമാതാവ് ‘ എന്ന വാക്ക് മലയാളിക്ക് ഒരു അശ്ലീലമാണെങ്കിലും;
അവർക്ക് ശരിക്കും അമ്മതന്നെയാണ് പശു.
ഒരിക്കലും തന്നെ ഒരു മനുഷ്യൻ ഉപദ്രവിക്കില്ല എന്നുറപ്പുള്ള ആ ജീവി ആ നാട്ടിൽ എന്തിനെ ഭയക്കാനാണ്!
എന്നാൽ സൗത്തിന്ത്യയിൽ;
പ്രത്യേകിച്ച് കേരളത്തിൽ അങ്ങനെയല്ല.
കുന്നിന് മുകളിൽ സ്വസ്ഥമായി മേഞ്ഞുനടക്കുന്ന പശുവിനെ താഴേയ്ക്ക് തള്ളിയിട്ട് കൊന്ന്, ഇറച്ചിയാക്കി കഴിക്കുന്നവർ ആണ് മലയാളികൾ !
സ്വാഭാവികമായും ഇവിടത്തെ പശുക്കളടെ ജീനിൽ ,
‘എപ്പോൾ വേണമെങ്കിലും ആക്രമിക്കപ്പെടാം’ എന്ന ഒരു ഭയം ജൻമനാ ഉണ്ടാകും.
അപ്രതീക്ഷിതമായി ഒരുനാൾ കഴുത്തിൽ കത്തി വീഴുമെന്ന ഭയം.
എന്റെയും എന്റെ മക്കളുടേയും ശരീരം,
അരച്ചാൻസ് കിട്ടിയാൽ അടുപ്പിൽ കയറും എന്ന ബോധം
അവരെ ആക്രമകാരികളാക്കുന്നു.
തലമുറകളായി ആരെയും വിശ്വാസമില്ലാതായ അവർ ഇപ്രകാരമൊക്കെയേ പെരുമാറൂ.”

വീട്ടിലെ പശു പ്രസവിച്ച് തൊഴുത്തിൽ എണ്ണം കൂടിയപ്പോൾ,
നോക്കാൻ പറ്റാതെ വിറ്റൊഴിഞ്ഞ ആ ദിവസത്തിലെത്തി ഞാൻ.

കൂടെയുള്ളവരെയെല്ലാം ‘കന്ന്കച്ചോടക്കാർ’ കൊണ്ടുപോകുമ്പോൾ;
തള്ളപ്പശു പുറപ്പെടുവിച്ച ആ നിശ്വാസശബ്ദവും
നിസ്സഹായമായ പ്രതിഷേധവും പ്രതിരോധവും
മറ്റൊരമ്മയായ എന്റെ അമ്മയിൽ കണ്ണീർ പൊടിപ്പിച്ചത് ഞാൻ അന്ന് കണ്ടു.

ഞാൻ എന്നിലുരുണ്ടുകയറിയ സങ്കടത്തെ പ്രതിരോധിക്കാനായി ഡോക്ടറോട് പറഞ്ഞു.
“അങ്ങനെ മലയാളികളെ അടച്ചാക്ഷേപിക്കാൻ പറ്റുമോ?”

“പറ്റും.
സ്നേഹിച്ച് വളർത്താൻമാത്രമായി ഏത് മലയാളിയാണ് പശുക്കളെ വളർത്തുന്നത്?
അഥവാ ഒരാൾ വളർത്തുന്നുണ്ടെങ്കിൽ; സൊസൈറ്റിയിൽ പാലളക്കാനുള്ള ഒരു യന്ത്രമായിട്ടായിരിക്കും.
കേരളസമൂഹം ഇങ്ങനെയാവാൻ കാരണം,
പശു, നായ, പൂച്ച തുടങ്ങിയ ജീവികളുടെ ശാപമാണ്.
ഇവരെയൊന്നും വളർത്താതെ പടിയിറക്കിയ വീടുകളെ ഐശ്വര്യം കൈവിടും.
അവർക്കുകൂടി ഇടമുണ്ടായിരുന്ന വീടുകളിലാണ് ഇന്ന് നമ്മൾമാത്രം പാർക്കുന്നത്.”

ഞാൻ പാതിയടങ്ങി.

ഡോക്ടർ എന്റെ വേദനയിലേയ്ക്ക് ഒന്നുകൂടി അമർത്തിച്ചവുട്ടി.

“എന്താ…..
മലയാളികൾ മാന്യരാണ് എന്ന വല്ല തെറ്റിദ്ധാരണയും ബാക്കിയുണ്ടോ?”

ഞാൻ ഒന്നും പറയാതെ ഡോക്ടറെ നോക്കി.

“എങ്കിൽ ഞാനൊന്ന് ചോദിക്കട്ടെ.
നിങ്ങടെ തൃശ്ശൂരിൽ,
നഗരത്തിൽ അലഞ്ഞുനടന്നിരുന്ന കുറേ കാളക്കൂറ്റൻമാർ ഒരു പത്തുകൊല്ലം മുമ്പുവരെ ഉണ്ടായിരുന്നില്ലേ?
വടക്കുന്നാഥന്റെ കാളകൾ എന്നറിയപ്പെട്ടിരുന്നവ.
അവരൊക്കെ ഇന്നെവിടെയാണ്?”

ശരിയാണല്ലോ !
ശക്തൻ മാർക്കറ്റിലും
വടക്കുന്നാഥന്റെ ക്ഷേത്രമൈതാനത്തും വടക്കേസ്റ്റാന്റിലും വല്ലപ്പോഴും സ്വരാജ് റൗണ്ടിലും കണ്ടിരുന്ന ‘നന്ദികേശൻമാർ’ എവിടെപ്പോയി?!
ഉയർന്ന പൂഞ്ഞുള്ള ; ഐശ്വര്യമുള്ള ; ലക്ഷണമൊത്ത ആ കാളക്കൂറ്റൻമാരെ കാണാതായിട്ട്
കുറച്ച് വർഷങ്ങളേ ആയിട്ടുള്ളൂ!

ഡോക്ടർതന്നെ പറഞ്ഞു.
“എല്ലാം തീർന്നു.
അപ്രതീക്ഷിതമായ ആക്രമണത്തിൽ ചതിക്കപ്പെട്ട അവരെല്ലാം പലപല തീൻമേശകളിലെ വിഭവങ്ങളായി.”

ഭഗവാന്റെ കാളകൾ അപ്രത്യക്ഷമായത് ചർച്ചചെയ്യാത്ത ഒരു സമൂഹം,
ആ പാവങ്ങളെ ചതിച്ചവരേയും
ആ ഇറച്ചി തിന്നവനേയും ബാധിക്കാൻപോകുന്ന ‘പരമ്പരയടക്കം തീരൽ ‘ എന്ന ശാപം ചർച്ചചെയ്യും എന്ന് പ്രതീക്ഷിക്കുന്ന ഞാൻ മണ്ടനാണ്.

ഡോക്ടർ ചില ചോദ്യങ്ങൾകൂടി ചോദിച്ചു.

“പശുവിനെ തിന്നൽ ഞങ്ങടെ ഭക്ഷണ സ്വാതന്ത്ര്യമാണ്” എന്ന് ആവേശപ്പെടുന്നവരെ വിടൂ.
“പശു അമ്മയാണെങ്കിൽ കാള നിന്റെ തന്തയാണോ” എന്ന് പുച്ഛിക്കുന്ന അവരെ നമുക്ക് മറക്കാം.
പക്ഷേ,
പശു ദേവതയാണെന്നും ഗോമാതാവാണെന്നും പറഞ്ഞുനടക്കുന്ന ആരെങ്കിലും
ഇതുവരെ അന്വേഷിച്ചുവോ ആ നന്ദികേശൻമാർ അപ്രത്യക്ഷമായതെങ്ങനെയാണെന്ന്?”

ഞാൻ നാണക്കേടിലും നിസ്സഹായതയിലും തലതാഴ്ത്തി.

Leave a Comment

Share This Post
Post Author
Post Author
ജയരാജ് മിത്ര മലയാളം എഴുത്തുകാരനാണ്. സാഹിത്യരംഗവും സിനിമാരംഗവും പ്രധാന പ്രവർത്തനമേഖലകൾ. തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത് കൊങ്കൺ റെയിൽവേയിൽ ലോക്കോ പൈലറ്റ് ആയിട്ടാണ്. ഇത്, പല സ്ഥലത്തും യാത്ര ചെയ്യാനും പലതരം അനുഭവങ്ങൾ സ്വായത്തമാക്കാനുംമാത്രം ഉപയോഗിച്ച്, ഈ ജോലി ഉപേക്ഷിച്ച്, ആകാശവാണിയിലും എഫ് എം റേഡിയോയിലും ടെലിവിഷൻ ചാനലിലുമെല്ലാം ജോലി ചെയ്തശേഷം; മുഴുവൻ-സമയ സാഹിത്യ-സിനിമാ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്.